വയോധികയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയ സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

വയോധികയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയ സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
വീടിനുളളില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ചിറ്റൂര്‍ സ്വദേശികളായ സത്യഭാമ, ബഷീര്‍ എന്നിവരെയാണ് തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.കെട്ടിടനിര്‍മാണ ജോലിക്കായി വയോധികയുടെ വീട്ടില്‍ എത്തിയതായിരുന്നു ഇരുവരും. ശനിയാഴ്ച ഉച്ചയോടെ മാലപൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.ശനിയാഴ്ച രാത്രിയാണ് കൊടുമ്പ് തിരുവാലത്തൂര്‍ ആറ്റിങ്കല്‍വീട്ടില്‍ പത്മാവതി(74)യെ വീടിനുള്ളില്‍ മരിച്ചനിലയില്‍ പൊലീസ് കണ്ടെത്തിയത്. തറവാട്ടുവീട്ടില്‍ ഒറ്റയ്ക്കായിരുന്നു പത്മാവതി താമസിച്ചിരുന്നത്. മകനും കുടുംബവും തറവാടിനോട് ചേര്‍ന്ന ഒരു വീട്ടിലാണ് താമസിക്കുന്നത്. മകന്‍ രാത്രി ഭക്ഷണം കഴിക്കാനായി എത്തിയ സമയത്താണ് പത്മാവതിയെ മരിച്ചനിലയില്‍ കണ്ടത്. കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്‍ മാല നഷ്ടപ്പെട്ടിരുന്നു. മാല പൊട്ടുക്കുന്നതിനിടെ കഴുത്തില്‍ പരുക്കേറ്റിട്ടുണ്ടായിരുന്നു.

പൊലീസ് അന്വേഷണത്തില്‍ മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് വ്യക്തമായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലപ്രയോഗത്തിനിടെയാണ് മരണം സംഭവിച്ചതെന്നും വ്യക്തമായി. വയോധികയുടെ വീട്ടില്‍ ജോലിക്കായി എത്തിയതായിരുന്നു ഇരുവരും. തുടര്‍ന്ന് പത്മാവതി ഒറ്റയ്ക്കാണെന്ന് മനസിലാക്കുകയും മോഷണം ആസൂത്രണം ചെയ്യുകയുമായിരുന്നു. ശനിയാഴ്ച ഭക്ഷണം കഴിക്കുന്ന സമയത്ത് പ്രതികള്‍ ഭക്ഷണം കൊണ്ടുവന്നിട്ടില്ലെന്നും പുറത്തുപോയി കഴിക്കാമെന്നും പറഞ്ഞ് ഇരുവരും ജോലി സ്ഥലത്തുനിന്ന് മാറുകയായിരുന്നു. ആ സമയം ഇരുവരും വയോധികയുടെ വീട്ടില്‍ കയറുകയും മോഷണം നടത്തുകയുമായിരുന്നു.

കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് പത്മാവതിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മാല മോഷ്ടിക്കുകയും ചിറ്റൂരിലെ ജ്വല്ലറിയില്‍ വില്‍ക്കുകയും ചെയ്തു. സംഭവം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പ്രതിയായ സത്യഭാമ ജ്വല്ലറിയില്‍ വന്ന് മാല കൊണ്ടുവന്നാല്‍ എടുക്കുമോയെന്ന് തിരക്കിയിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Other News in this category



4malayalees Recommends