സ്വയം കഴുത്തു ഞെരിച്ച് മരിച്ചതാകാം ; യുവ സംവിധായികയുടെ മരണത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിലെ പരാമര്‍ശം വിവാദത്തില്‍

സ്വയം കഴുത്തു ഞെരിച്ച് മരിച്ചതാകാം ; യുവ സംവിധായികയുടെ മരണത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിലെ പരാമര്‍ശം വിവാദത്തില്‍
യുവ സംവിധായിക നയനാ സൂര്യയുടെ മരണം സ്വയം കഴുത്ത് ഞെരിച്ച് ആകാം എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ 'അസ്ഫിക്‌സിയോഫീലിയ' എന്ന സ്വയം പീഡന അവസ്ഥയില്‍ മരണം സംഭവിച്ചതാകാമെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. ആര്‍ഡി ഓഫീസിലെ ഫയലില്‍ ഇല്ലാത്ത ഈ റിപ്പോര്‍ട്ട്, ഉന്നത പൊലീസ് സംഘം വീണ്ടും പരിശോധിച്ച് വരികയാണ്. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഈ നിഗമനത്തില്‍ എത്തിയതെന്നും ഇതിനുള്ള വിദൂര സാധ്യതകള്‍ പോലുമില്ലെന്നും നയനയുടെ ബന്ധുക്കളും സുഹൃത്തുക്കളും സംശയം പ്രകടിപ്പിക്കുന്നു. കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇതിനെ സാധൂകരിക്കാന്‍ പിന്നീട് 'അസ്ഫിക്‌സിയോഫീലിയ' ചേര്‍ത്തതാണെന്ന സംശയം ബലപ്പെടുകയാണ്. സ്വയം പീഡിപ്പിച്ചും ശ്വാസംമുട്ടിച്ചും ആനന്ദം കണ്ടെത്തുന്ന അത്യപൂര്‍വമായ ഈ അവസ്ഥ ലോകത്ത് തന്നെ വിരളമായെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.

മൃതദേഹം കണ്ട സ്ഥലത്ത് ദൂരെമാറി ചുരുട്ടിയ പുതപ്പ് കണ്ടു എന്നാണ് റിപ്പോര്‍ട്ടില്‍ ആകെയുള്ള വിവരം. മുറി അകത്തുനിന്ന് കുറ്റിയിട്ടിരുന്നു എന്നാണ് മൃതദേഹം ആദ്യം കണ്ട സുഹൃത്തുക്കള്‍ മൊഴി നല്‍കിയത്. എന്നാല്‍ വാതില്‍ കൈകൊണ്ട് തള്ളിത്തുറന്നു എന്നും പൊലീസ് രേഖപ്പെടുത്തിയ മൊഴിയിലുണ്ട്.

അടിവയറ്റില്‍ മര്‍ദ്ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിട്ടും പൊലീസ് അന്വേഷിക്കുകപോലും ചെയ്യാതെ കേസ് അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പരാതിയുണ്ട്. 2019 ഫെബ്രുവരി 24നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകള്‍ നയനാസൂര്യയെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സംവിധാന സഹായിയായിരുന്നു നയന.

Other News in this category



4malayalees Recommends