വിഴിഞ്ഞത്ത് അനന്തുവിന്റെ മരണം; കാരണമായത് 25 തവണ പെറ്റിയടച്ച ടിപ്പര്‍, അമിതവേഗത പതിവ്

വിഴിഞ്ഞത്ത് അനന്തുവിന്റെ മരണം; കാരണമായത് 25 തവണ പെറ്റിയടച്ച ടിപ്പര്‍, അമിതവേഗത പതിവ്
വിഴിഞ്ഞം തുറമുഖത്തേക്ക് കൊണ്ടുപോയ ടിപ്പറില്‍ നിന്നും കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാര്‍ത്ഥി അനന്തു മരിച്ച സംഭവം ഏറെ ചര്‍ച്ചയാവുകയാണ്. അനന്തുവിനെ മരണത്തിന് കാരണമായ ടിപ്പര്‍ ലോറിക്ക് ഇരുപത്തിയഞ്ചോളം തവണയാണ് പൊലീസ് പെറ്റിക്കേസെടുത്ത് പിഴയീടാക്കിയിട്ടുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പോലും നിരവധി തവണ ഈ വണ്ടിക്ക് മേല്‍ പൊലീസ് പിഴ ചുമത്തിയിട്ടുണ്ട്.

ഫെബ്രുവരി 23 ന് ഈ ടിപ്പര്‍ ലോറിക്ക് മേല്‍ അമിതഭാരത്തിന് 250 രൂപ പിഴ ചുമത്തിയിരുന്നു. കഴിഞ്ഞ 14 ന്, ശബ്ദ മലിനീകരണത്തിനും മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ നിരത്തിലറിക്കിയതിനും കാട്ടാക്കട സബ് ആര്‍ടിഒ 2000 രൂപ പിഴയും ചുമത്തിയിരുന്നു.

വാഹനത്തിന്റെ അമിതവേഗവും റോഡിന്റെ മോശാവസ്ഥയുമാണ് അനന്തുവിന്റെ മരണകാരണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. വാഹനം അമിതഭാരം കയറ്റിയിരുന്നതായി പ്രതിഷേധക്കാര്‍ ആരോപിക്കുന്നുണ്ട്. 10 ടണ്‍ ഭാരം കയറ്റേണ്ടിടത്ത് 15 ടണ്‍ കയറ്റുകയാണ്. ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ടൂവിലര്‍, ഫോര്‍വീലര്‍ വാഹനങ്ങള്‍ക്ക്, അമിത വേ?ഗത, അമിത ഭാരം മൂലം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. തീരെ ശ്രദ്ധിയില്ലാതെയാണ് ലോഡുമായെത്തുന്ന വാഹനങ്ങള്‍ പോകുന്നതെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം രാവിലെയാണ് വിഴിഞ്ഞം തുറമുഖത്തേയ്ക്ക് കൊണ്ടുപോയ ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് മുക്കോല സ്വദേശിയും ബിഡിഎസ് വിദ്യാര്‍ത്ഥിയുമായ അനന്തു മരിച്ചത്. അനന്തുവിന്റെ സംസ്‌കാരം നടത്തി. കുടുംബത്തിനു സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അനന്തവിന്റെ കുടുംബത്തിന് സഹായം നല്‍കുന്നതിന് അദാനി തുറമുഖ കമ്പനിയും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends