അച്ഛനെ പോലെ മദ്യപാനിയാകുമെന്ന് ഭയം, രണ്ടുവയസുകാരന് വിഷം നല്‍കി അമ്മ

അച്ഛനെ പോലെ മദ്യപാനിയാകുമെന്ന് ഭയം, രണ്ടുവയസുകാരന് വിഷം നല്‍കി അമ്മ
കാന്തല്ലൂരില്‍ മകന് വിഷം നല്‍കിയ ശേഷം ആത്മഹത്യ ചെയ്യാനൊരുങ്ങിയ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ചമ്പക്കാട് ഗോത്രവര്‍ഗ കോളനിയിലെ എസ് ശെല്‍വിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിഷം ഉള്ളില്‍ചെന്ന് അവശനിലയിലായ രണ്ടുവയസുകാരന്‍ നീരജിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലാക്കി.

കാന്തല്ലൂര്‍ പഞ്ചായത്തിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ ചമ്പക്കാട് ഗോത്രവര്‍ഗ്ഗ കോളനിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന ഭര്‍ത്താവിനെ കണ്ടാണ് മകന്‍ വളരുന്നതെന്നും, മുതിര്‍ന്നു കഴിഞ്ഞാല്‍ മകനും അതുപോലെ മദ്യപാനിയാകുമെന്ന ഭയത്തിലാണ് മകന് വിഷം നല്‍കിയതെന്നുമാണ് ശെല്‍വി മൊഴി നല്‍കിയതെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെയും ഷാജി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നു.

ചോറില്‍ കീടനാശിനിയായ ഫ്യൂറിഡാന്‍ ചേര്‍ത്താണ് ശെല്‍വി നീരജിന് നല്‍കിയത്. സംഭവസമയം വീട്ടില്‍ ഇവരുടെ മൂന്ന് പെണ്‍മക്കളും ഉണ്ടായിരുന്നു. വിഷത്തിന്റെ രൂക്ഷഗന്ധം പടര്‍ന്നതോടെ അയല്‍വാസികള്‍ വീട്ടിലേക്കെത്തുകയായിരുന്നു. വിഷം ചേര്‍ന്ന ചോറ് കഴിച്ച് അവശനിലയിലായ നീരജിനെയും സമീപമിരുന്ന് കരയുന്ന ശെല്‍വിയെയുമാണ് ഇവര്‍ കണ്ടത്. ചോദിച്ചപ്പോള്‍ മകന് വിഷം കൊടുത്തശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു ഉദ്ദേശ്യമെന്ന് ശെല്‍വി പറഞ്ഞു.

ട്രൈബല്‍ ഓഫീസ് അധികൃതര്‍ മറയൂര്‍ പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് മറയൂരില്‍ നിന്നും വാഹനമെത്തിയാണ് കുട്ടിയെ ഉദുമലൈപ്പേട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയശേഷം കുട്ടിയെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ താത്ക്കാലിക ജീവനക്കാരനാണ് ശെല്‍വിയുടെ ഭര്‍ത്താവ് ഷാജി. ഇയാള്‍ സ്ഥിരമായി മദ്യപിച്ച് എത്തുന്നതിനാല്‍ വീട്ടില്‍ എന്നും വഴക്കായിരുന്നു. അടുത്തിടെ വീട്ടിലെ ഗ്യാസ് കുറ്റി ഉള്‍പ്പെടെ വിറ്റ് ഷാജി മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയപ്പോള്‍ ശെല്‍വി മറയൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് പൊലീസ് ഷാജിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടിരുന്നു.

Other News in this category



4malayalees Recommends