പാലക്കാട് ബന്ധുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി; ഒഴുക്കില്‍പ്പെട്ട യുവാവും മരിച്ചു

പാലക്കാട് ബന്ധുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി; ഒഴുക്കില്‍പ്പെട്ട യുവാവും മരിച്ചു
കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പെട്ട മൂന്നാമത്തെ ആളും മരിച്ചു. കോട്ടോപ്പാടം പുറ്റാനിക്കാട് പുതിയ വീട്ടില്‍ ബാദുഷ (20) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍പെട്ട മൂന്ന് പേരും മരണത്തിന് കീഴടങ്ങി.

നേരത്തെ ഒഴുക്കില്‍പ്പെട്ട് രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചിരുന്നു. ചെര്‍പ്പുളശേരി കുറ്റിക്കോട് പാറക്കല്‍ വീട്ടില്‍ റിസ്വാന (19), ദീന മെഹ്ബ (20) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബാദുഷയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം ജേഷ്ഠാനുജന്മാരുടെ മക്കളാണ് അപകടത്തില്‍പ്പെട്ടത്. പുഴക്ക് സമീപം തോട്ടം വാങ്ങിയതില്‍ എത്തിയതായിരുന്നു മൂന്നുപേരും. അവിടെ നിന്നും കുളിക്കാന്‍ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് പുഴയില്‍ മുങ്ങിയത്. നാട്ടുകാരും ട്രോമാകെയര്‍ വളണ്ടിയര്‍മാരും ചേര്‍ന്ന് കുട്ടികളെ കരയ്ക്ക് കയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേര്‍ മരിച്ചു. സാധാരണയായി ആളുകള്‍ കുളിക്കുന്ന കടവല്ല ഇതെന്ന് വാര്‍ഡ് മെമ്പര്‍ അനസ് പറഞ്ഞു.

Other News in this category



4malayalees Recommends