നല്‍കിയ വിവരങ്ങള്‍ തെറ്റ്, പ്രതികളെ ചതിച്ചത് ഒടിപി ; വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തിയ പ്രതികള്‍ കുടുങ്ങിയത് ഇങ്ങനെ

നല്‍കിയ വിവരങ്ങള്‍ തെറ്റ്, പ്രതികളെ ചതിച്ചത് ഒടിപി ; വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തിയ പ്രതികള്‍ കുടുങ്ങിയത് ഇങ്ങനെ
ഇടുക്കി അടിമാലിയില്‍ മോഷണ ശ്രമത്തിനിടെ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതികളെ കുടുക്കിയത് മോഷ്ടിച്ച മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചത്. നെടുവേലി കിഴക്കേതില്‍ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമയെ (70) കൊലപ്പെടുത്തിയതില്‍ കൊല്ലം കിളികൊല്ലൂര്‍ സ്വദേശി അലക്‌സ്, കവിത എന്നിവരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

വീട് വാടകയ്ക്ക് എടുക്കാനെന്ന വ്യാജേനയാണ് അലക്‌സും കവിതയും അടിമാലിയിലെത്തിയത്. ഫാത്തിമ കാസിമിന്റെ വീട്ടിലെത്തിയ പ്രതികള്‍ ശനിയാഴ്ച പകല്‍ 11 മണിക്കും നാലുമണിക്കുമിടയിലാണ് കൊലപാതകം നടത്തിയത്. വൈകീട്ട് നാല് മണിക്ക് ശേഷം ഫാത്തിമയുടെ മകന്‍ വീട്ടിലെത്തിയപ്പോഴാണ് ഉമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്വര്‍ണമാല മോഷ്ടിക്കുകയായിരുന്നു ലക്ഷ്യം. കൊലപാതകത്തിന് ശേഷം മുറിക്കുള്ളില്‍ മുളക് പൊടി വിതറി തെളിവുകള്‍ നശിപ്പിച്ചു. മോഷണ മുതല്‍ അടിമാലിയില്‍ പണയം വച്ചതിന് ശേഷം പ്രതികള്‍ പാലക്കാട്ടേക്ക് കടക്കുകയായിരുന്നു. നാട്ടുകാരില്‍നിന്നു പ്രതികളെ കുറിച്ച് സൂചന ലഭിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. അടിമാലിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പ്രതികള്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയതെങ്കിലും പണയം വച്ചപ്പോള്‍ ഒടിപി ലഭിക്കുന്നതിനായി നല്‍കിയ മൊബൈല്‍ നമ്പറാണ് പ്രതികളെ കുടുക്കിയത്. പാലക്കാട് നിന്ന് അടിമാലിയിലെത്തിച്ച പ്രതികളുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും.

ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞിരുന്നു. മൃതദേഹത്തിന് സമീപത്ത് മുളകുപൊടി എറിഞ്ഞതും വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് കൃത്യം നടത്തിയതും പ്രതികള്‍ വീടിന് സമീപത്ത് കറങ്ങിനടന്നെന്നതും ഇതിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്നും കേസ് അന്വേഷിക്കുന്ന അടിമാലി പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends