ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു ; കൊലപാതകം നടത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു ; കൊലപാതകം നടത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍
ഓസ്‌ട്രേലിയയില്‍ എംടെകിന് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. ഒരു കൂട്ടം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വഴക്ക് തടയുന്നതിന് ശ്രമിച്ചപ്പോഴാണ് ഹരിയാനയിലെ കര്‍ണാല്‍ സ്വദേശി നവജീത് സന്ധു (22) കൊല്ലപ്പെട്ടതെന്ന് കുടുംബം അറിയിച്ചു.


മെല്‍ബണില്‍ രാത്രി 9 മണിയോടെയാണ് സംഭവം.സംഘര്‍ഷത്തിനിടെ മറ്റൊരു വിദ്യാര്‍ത്ഥിക്കും ഗുരുതരമായി പരുക്കേറ്റു. ഒരു കൂട്ടം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാടകയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ശ്രമിക്കുന്നതിനിടെ നവജീത് സന്ധുവിനെ മറ്റൊരു വിദ്യാര്‍ത്ഥി കത്തികൊണ്ട് നെഞ്ചില്‍ മാരകമായി കുത്തുകയായിരുന്നു.

വീട്ടില്‍ നിന്ന് സാധനങ്ങള്‍ എടുക്കാന്‍ നവ്ജീതിന് കാറുള്ളതിനാല്‍ കൂടെ വരാന്‍ സുഹൃത്തായ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടു. സുഹൃത്ത് വീട്ടിനുള്ളില്‍ പോയി. തുടര്‍ന്ന് വീട്ടിനുള്ളില്‍ നിന്ന് നിലവിളി കേട്ട നവജീത് അകത്തു ചെന്നു. വീട്ടിനുള്ളില്‍ സുഹൃത്തുമായി മറ്റുള്ളവര്‍ വഴക്കിടുന്നത് കണ്ട് അവരോട് വഴക്കിടരുതെന്ന് ആവശ്യപ്പെട്ട് നവജീത് ഇവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ കത്തികൊണ്ട് നെഞ്ചില്‍ മാരകമായി കുത്തുകയായിരുന്നു.

മെല്‍ബണിലെ ഒര്‍മോണ്ടില്‍ നടന്ന ഈ സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളായ രണ്ടുപേരുടെ ചിത്രങ്ങള്‍ വിക്ടോറിയ പൊലീസ് പുറത്തുവിട്ടു. പ്രതികളും കര്‍ണാല്‍ സ്വദേശികളാണ്. സഹോദരങ്ങളായ അഭിജിത്ത് , റോബിന്‍ ഗാര്‍ട്ടന്‍ എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കായി തിരച്ചില്‍ നടന്നുവരികയാണെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു.


Other News in this category



4malayalees Recommends