ലേബര്‍ ഗവണ്‍മെന്റ് ശമ്പളം വെട്ടിക്കുറയ്ക്കുന്നു; സമരത്തിന് ഇറങ്ങാന്‍ തയ്യാറായി വിക്ടോറിയയിലെ നഴ്‌സുമാരും, മിഡ്‌വൈഫുമാരും

ലേബര്‍ ഗവണ്‍മെന്റ് ശമ്പളം വെട്ടിക്കുറയ്ക്കുന്നു; സമരത്തിന് ഇറങ്ങാന്‍ തയ്യാറായി വിക്ടോറിയയിലെ നഴ്‌സുമാരും, മിഡ്‌വൈഫുമാരും
വിക്ടോറിയയിലെ ലേബര്‍ ഗവണ്‍മെന്റ് സാമ്പത്തിക നിയന്ത്രണത്തിനായി ശ്രമിക്കുമ്പോള്‍ പ്രധാനമായും കത്തിവെയ്ക്കുന്നത് പബ്ലിക് സെക്ടര്‍ മേഖലകളിലെ ജോലിക്കാര്‍ക്കാണ്. ഈ ഭീഷണി തങ്ങളുടെ ശമ്പളങ്ങളെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ നഴ്‌സുമാരും, മിഡ്‌വൈഫുമാരും അടുത്ത നാല് വര്‍ഷം നേരിടാന്‍ ഇടയുള്ള ശമ്പളം വെട്ടിക്കുറയ്ക്കലിന് എതിരായി സമരത്തിന് ഒരുങ്ങുകയാണ്.

നാല് മണിക്കൂറോളം ജോലി നിര്‍ത്തിവെച്ച് സമരം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് തയ്യാറാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് നടത്തിയ വോട്ടെടുപ്പില്‍ 50,000-ലേറെ നഴ്‌സുമാരും, മിഡ്‌വൈഫുമാരിലും 98 ശതമാനം പേരും സമരത്തെ അനുകൂലിച്ചു.

ലേബര്‍ ഗവണ്‍മെന്റ് അവതരിപ്പിച്ച 3 ശതമാനം വാര്‍ഷിക ശമ്പള വര്‍ദ്ധന അംഗങ്ങള്‍ തള്ളുകയും ചെയ്തു. ഇതിനൊപ്പം 0.5 ശതമാനം ലംസം പേയ്‌മെന്റും നല്‍കാമെന്നാണ് വാഗ്ദാനം. പണപ്പെരുപ്പം 3.6 ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ ജീവിതച്ചെലവുകള്‍ കുത്തനെ ഉയരുകയാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ അവസരത്തില്‍ ശമ്പളവര്‍ദ്ധന യഥാര്‍ത്ഥത്തില്‍ വരുമാനം കുറയ്ക്കുന്ന നടപടിയാണെന്ന് ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ് & മിഡ്‌വൈഫറി ഫെഡറേഷന്‍ പറഞ്ഞു.

Other News in this category



4malayalees Recommends