നടനചാരുതയുടെ വിസ്മയസന്ധ്യയൊരുക്കി കലാക്ഷേത്രയും ദക്ഷിണ യുകെയും. സംഗീതനൃത്തസന്ധ്യയും ചിലങ്കപൂജയും ശനിയാഴ്ച മെയ്ഡ് സ്റ്റോണില്‍.

നടനചാരുതയുടെ വിസ്മയസന്ധ്യയൊരുക്കി കലാക്ഷേത്രയും ദക്ഷിണ യുകെയും.  സംഗീതനൃത്തസന്ധ്യയും ചിലങ്കപൂജയും ശനിയാഴ്ച മെയ്ഡ് സ്റ്റോണില്‍.
മെയ്ഡസ്റ്റോണ്‍: കെന്റിലെ ഇന്ത്യന്‍ ആര്ട്ട്‌സ് സ്‌കൂള്‍ കാലക്ഷേതയും യുകെയിലെ പ്രശസ്ത ഡാന്‍സ് സ്‌കൂളായ ദക്ഷിണ യുകെയും ചേര്‍ന്ന് അണിയിച്ചൊരുക്കുന്ന സംഗീതനൃത്ത സന്ധ്യയും ചിലങ്കപൂജയും ശനിയാഴ്ച മെയ്ഡസ്റ്റണിലെ ഡിറ്റണ്‍ കമ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും. കലാക്ഷേത്ര യുകെ യുടെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകിട്ട് 4 .30 ന് നടത്തപ്പെടുന്ന കലാവിരുന്നില്‍ പ്രശസ്ത നൃത്താധ്യാപികയും കൊറിയോഗ്രാഫറുമായ ശ്രീമതി ചിത്രാലക്ഷ്മിയുടെ ശിക്ഷണത്തില്‍ നൃത്തമഭ്യസിക്കുന്ന 40 ലധികം വരുന്ന കലാകാരികള്‍ പങ്കെടുക്കും. യുകെയിലെ പ്രശസ്ത സംഗീതാധ്യാപിക ശ്രീമതി കീര്‍ത്തി, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. ടോമി എടാട്ട് എന്നിവര്‍ വിശിഷ്ടതിഥികളായി പങ്കെടുക്കും. ചിലങ്കപൂജക്കു ശേഷം യുകെയിലെ യുവഗായകന്‍ ഷംസീറും സംഘവും അവതരിപ്പിക്കുന്ന സംഗീതസന്ധ്യ അരങ്ങേറും.


കലാക്ഷേത്ര ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ന്റെ കീഴിലുള്ള കുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന വലിയൊരു നിരയാണ് ഈ കലാവിരുന്നില്‍ അണിനിരക്കുന്നത്. ആസ്വാദകരുടെ കണ്ണിനും കാതിനും കുളിര്‍മയായി ഭരതനാട്യം, മോഹിനിയാട്ടം, കഥക്, ഫ്യൂഷന്‍ ഡാന്‍സ് ഇനങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി നൃത്തരൂപങ്ങള്‍ വേദിയില്‍ അരങ്ങേറും. കലാസ്വാദകര്‍ക്കായി രുചികരമായ ഫുഡ്സ്റ്റാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. സംഗീതവും നൃത്തവും സമന്വയിക്കുന്ന ഈ അസുലഭ കലാവിരുന്നിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. സഹൃദയരായ എല്ലാ കലാസ്‌നേഹികളെയും ഈ സംഗീതനൃത്ത സന്ധ്യയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.


വാര്‍ത്ത നല്‍കിയത്: ബിനു ജോര്‍ജ്

Other News in this category



4malayalees Recommends