ബാള്‍ട്ടിമോര്‍: കഴിഞ്ഞ 36 വര്‍ഷങ്ങളായി മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ ബാള്‍ട്ടിമോര്‍ കൈരളിയുടെ ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ ജനുവരി നാലിനു നടത്തപ്പെട്ടു. മലയാളി ടിവ ചലച്ചിത്രരംഗത്തെ ഉദിച്ചുവരുന്ന താരം അനീഷ് രവി പ്രത്യേക അതിഥിയായി പങ്കെടുത്തു.
ദൃശ്യവസന്തങ്ങള്‍ പകര്‍ന്നാടിയ നിരവധി നൃത്ത നൃത്യങ്ങള്‍ പരിപാടികള്‍ക്ക് കരുത്തും ആവേശവുമായി. ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനമേകുന്ന ലഘു നാടകങ്ങളില്‍ അനേകം കുട്ടികളും യുവാക്കളും പങ്കാളികളായി. വിവിധ പള്ളികളുടെ ഗാന സംഘങ്ങളുടെ കാരള്‍ ഗാനാലാപനം വേറിട്ട അനുഭവമായി. വൈവിധ്യമാര്‍ന്ന തന്റെ കഴിവുകള്‍ കാഴ്ചവെച്ചായിരുന്നു അനീഷിന്റെ സാന്നിധ്യം.
മനോഹര പുല്‍ക്കൂടിന്റെ നിര്‍മ്മാണവും ദീപാലങ്കാരങ്ങളും സദസിനെ ഹര്‍ഷപുളകിതരാക്കി. അനേകം യുവതികള്‍ പങ്കെടുത്ത ഫാഷന്‍ ഷോയും, നിരവധി കുടുംബങ്ങള്‍ മാറ്റുരച്ച കേക്ക് നിര്‍മ്മാണ മത്സരവും വ്യത്യസ്തമായ അനുഭവങ്ങളായി.
പ്രസിഡന്റ് ടിസന്‍ തോമസ്, സെക്രട്ടറി മാമ്മന്‍ സുരാജ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു വന്‍ നിരതന്നെ നിരന്തരമായി പ്രവര്‍ത്തിച്ചതാണ് പരിപാടികള്‍ വന്‍ വിജയത്തിലെത്തിച്ചത്. പ്രതീക്ഷിച്ചതിലും ഉപരിയായി മഹത്തായ ഒരു വര്‍ഷം ഇവര്‍ കൈരളിക്കേകി. അടുത്ത വര്‍ഷത്തെ സാരഥിയായി മാത്യു വര്‍ഗീസും (ബിജു) സംഘവും അധികാരപദത്തിലെത്തി. സാധാരണ പരിപാടികളില്‍ നിന്നും വ്യത്യസ്തമായ ഒരു വര്‍ഷം മലയാളികള്‍ക്കേകുമെന്ന് അവര്‍ പ്രതിജ്ഞയെടുത്തു.
നിരവധി വ്യവസായ പ്രമുഖരുടെ സാന്നിധ്യവും, പിക്‌നിക്കില്‍ വിജയശ്രീലാളിതര്‍ക്കുള്ള സമ്മാനദാനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വൈകുന്നേരം നാലിനു തുടങ്ങിയ പരിപാടികള്‍ വൈകിട്ട് പത്തുമണിയോടെ വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെയാണ് സമാപിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.kairaliofbaltimore.com
മോഹന്‍ മാവുങ്കല്‍, റഹ്മാന്‍ കടബ എന്നിവര്‍ അറിയിച്ചതാണിത്.