കോവിഡിന്റെ രണ്ടാം വരവില്‍ ആശങ്കയോടെ ബ്രിട്ടന്‍ , സഹായ സന്നദ്ധരായി സമീക്ഷ യുകെ

കോവിഡിന്റെ രണ്ടാം വരവില്‍ ആശങ്കയോടെ ബ്രിട്ടന്‍ , സഹായ സന്നദ്ധരായി സമീക്ഷ യുകെ
കോവിഡ് 19 ന്റെ രണ്ടാംവരവിനെ ഉത്കണ്ഠയോടെയാണ് ബ്രിട്ടനിലെ ജനസമൂഹം നോക്കികാണുന്നത് . വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന പുതിയ ശ്രേണിയിലുള്ള വൈറസിന്റെ ആവിര്‍ഭാവം ആശങ്കയുണര്‍ത്തുന്നുണ്ട് .


കോവിഡിന്റെ ആരംഭ ഘട്ടത്തില്‍ യുകെയിലെ വിദ്യാര്‍ത്ഥികളും ജോലിക്കാരും സന്ദര്‍ശകരും അടങ്ങുന്ന മലയാളി സമൂഹം വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായി സമീക്ഷ യുകെ ഹെല്‍പ്‌ഡെസ്‌ക് ആരംഭിക്കുകയും ഒട്ടേറെപ്പേര്‍ക്ക് സഹായങ്ങള്‍ എത്തിക്കുവാനും കഴിഞ്ഞിട്ടുണ്ട്.


കോവിഡ് 19 ആശങ്കകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് സാന്ത്വനമേകാനും അവര്‍ക്കു വേണ്ട സഹായങ്ങളും വിവരങ്ങളും നല്‍കുവാനും വേണ്ടി സമീക്ഷ യുകെ കമ്മ്യൂണിറ്റി ഹെല്‍പ്‌ഡെസ്‌ക് പുനരാരംഭിക്കുകയാണ് .


കോവിഡ് 19 രോഗത്തെക്കുറിചു മലയാളി സമൂഹത്തിനുള്ള സംശയങ്ങള്‍ പരിഹരിക്കുന്നതിനും അവരെ NHS നിര്‍ദ്ദേശിക്കുന്ന ശരിയായ വിവരങ്ങളിലേക്കു നയിക്കാനും വേണ്ടി ആരോഗ്യരംഗത്തുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്നതാണ് സമീക്ഷയുടെ മെഡിക്കല്‍ ഹെല്‍പ്‌ഡെസ്‌ക്..


ലോക്ക്‌ഡൌണ്‍ മൂലം കഷ്ടതകള്‍ അനുഭവിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിസമൂഹത്തിനു വേണ്ട സഹായങ്ങളും ഉപദേശങ്ങളും നല്കാന്‍ ഒരു പ്രത്യേക ടീം ആണ് തയ്യാറായിട്ടുള്ളത് .


ഫൈനാന്‍സ് , ലീഗല്‍ , പാരന്റല്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍ തുടങ്ങിയ മേഖലകളിലും സ്‌നേഹപൂര്‍ണമായ ഉപദേശനിര്‍ദേശങ്ങളുമായി സമീക്ഷയുടെ ഹെല്‍പ് ലൈന്‍ 24 മണിക്കൂറും തുറന്നിരിക്കുന്നതായിരിക്കും.


യുകെ യുടെ എല്ലാ പ്രവിശ്യകളിലുമായി 25 ബ്രാഞ്ചുകള്‍ ഉള്ള വളരെ വിപുലമായ നെറ്റ്‌വര്‍ക്ക് ആണ് സമീക്ഷയ്ക്കുള്ളത് . ഈ വിഷമകരമായ ഘട്ടത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഏവര്‍ക്കും സഹായത്തിനായി സമീക്ഷ പ്രവര്‍ത്തകര്‍ ഉണ്ടാവുമെന്നും സമീക്ഷയുടെ ഹെല്‍പ് ലൈന്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമെന്നും സമീക്ഷ ദേശിയ സമിതിക്കു വേണ്ടി സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അറിയിച്ചു

വാര്‍ത്ത; ബിജു ഗോപിനാഥ്

Other News in this category



4malayalees Recommends