മതിയായ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള പദ്ധതി മാര്‍ച്ച് 31 വരെ നീട്ടി
ഒമാനില്‍ മതിയായ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള പദ്ധതി മാര്‍ച്ച് 31 വരെ നീട്ടി. ഒമാന്‍ തൊഴില്‍ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
മതിയായ രേഖകളില്ലാതെ ഒമാനില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള പദ്ധതി ഡിസംബര്‍ 31 വരെ ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പദ്ധതി മൂന്ന് മാസം കൂടി നീട്ടി നല്‍കിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ വിപണിയുടെ ക്രമീകരണം ലക്ഷ്യമിട്ട് സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് തൊഴിലാളികളുടെ മടക്കത്തിനായുള്ള പദ്ധതിയുടെ കാലാവധി നീട്ടി നല്‍കിയത്.
57,748 വിദേശികളാണ് നാടുകളിലേക്കുള്ള മടക്കത്തിന് എക്‌സിറ്റ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 12378 പേര്‍ ജന്മനാടുകളിലേക്ക് മടങ്ങിയതായും ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു.