ഇനി അഞ്ച് ദിനങ്ങള്‍ മാത്രം.. മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ അഭ്യര്‍ത്ഥന.. ദേശീയ സെന്‍സസ് ദിനമായ മാര്‍ച്ച് 21 ന് മുന്‍പായി യുകെ സെന്‍സസ് ഫോം പൂരിപ്പിച്ച് നല്‍കുക..പ്രധാന ഭാഷ മലയാളം എന്ന് രേഖപ്പെടുത്തുവാന്‍ മറക്കരുത്..

ഇനി അഞ്ച് ദിനങ്ങള്‍ മാത്രം.. മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ അഭ്യര്‍ത്ഥന.. ദേശീയ സെന്‍സസ് ദിനമായ മാര്‍ച്ച് 21 ന് മുന്‍പായി യുകെ സെന്‍സസ് ഫോം പൂരിപ്പിച്ച് നല്‍കുക..പ്രധാന ഭാഷ മലയാളം എന്ന് രേഖപ്പെടുത്തുവാന്‍ മറക്കരുത്..
ദേശീയ സെന്‍സസ് ദിനമായ മാര്‍ച്ച് 21 നു മുന്‍പ് നിയമപരമായി സമര്‍പ്പിക്കേണ്ട യുകെ സെന്‍സസ് ഫോം എല്ലാ മലയാളികളും പൂരിപ്പിച്ചു നല്‍കണമെന്ന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ എല്ലാ യു കെ മലയാളികളോടും അഭ്യര്‍ത്ഥിക്കുന്നു. പ്രധാന ഭാഷ ഏതാണ് എന്നുള്ള ചോദ്യത്തിന് മലയാളം എന്ന് മറക്കാതെ രേഖപ്പെടുത്തുക. മലയാളം സംസാരിക്കുന്ന എത്രയധികം ആളുകള്‍ യുകെയി ലുണ്ട് എന്ന് അധികൃതര്‍ മനസിലാക്കുന്നതിന് ഇതുമൂലം സാധിക്കുന്നതാണ് . വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ തലങ്ങളിലുമെല്ലാം മലയാളഭാഷയ്ക്കും മലയാളികള്‍ക്കും ഗുണകരമായ പരിഗണന ലഭിക്കുവാന്‍ ഇത് ഉപകരിക്കുന്നതാണ് . ഇംഗ്ലീഷ് നന്നായി സംസാരിക്കുവാന്‍ സാധിക്കുമെന്ന് ബോധ്യപ്പെടുത്താനുള്ള കോളവും സെന്‍സസ് ഫോമില്‍ ഉള്ളതുകൊണ്ട് പ്രധാന ഭാഷ മലയാളമെന്ന് എഴുതുന്നതുകൊണ്ട് മലയാളികളായ കുടുംബാംഗങ്ങളെ ഒരു തരത്തിലും അത് ബാധിക്കുകയുമില്ല. നിങ്ങള്‍ ഏത് രാജ്യക്കാരനാണ് എന്നും ഏതു മതവിശ്വാസിയാണ് എന്നും വ്യക്തമാക്കുന്നതോടൊപ്പം സംസാരിക്കുന്ന പ്രധാന ഭാഷ മലയാളം എന്നു കൂടി വ്യക്തമായി രേഖപ്പെടുത്തുക.


'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' കേരള ഗവണ്‍മെന്റ് മലയാളം മിഷന്റെ മുദ്രാവാക്യമാണിത് . മലയാളത്തിന്റെ മഹിമയും സംസ്‌കാരവും ലോകത്തെല്ലാം എത്തിക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്ന് മലയാളം മിഷന്‍ കരുതുന്നു. മലയാളികളുടെ മാതൃഭാഷയായ മലയാളം സംസാരിക്കുന്നവരുടെ എണ്ണം യുകെ ഗവണ്‍മെന്റ് അധികാരികളില്‍ എത്തുമ്പോള്‍ സര്‍ക്കാര്‍ തീരുമാനങ്ങളെ സ്വാധീനിക്കുവാനും സര്‍ക്കാര്‍ തലങ്ങളില്‍ നിന്നുമുള്ള പൊതുവായ പല സന്ദേശങ്ങളും മറ്റു പ്രാദേശിക ഭാഷകളില്‍ അറിയിക്കുന്നതുപോലെ മലയാളഭാഷയിലും ലഭ്യമാക്കുവാനും ഇടയാകുന്നതാണ് .


യുകെ സെന്‍സസ് ഫോം പൂരിപ്പിച്ച് നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ചും, പ്രധാന ഭാഷ മലയാളം ആയി തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, യു കെയിലെ മലയാളി സമൂഹത്തെ അറിയിക്കുന്നതിനുവേണ്ടി മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തക സമിതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വീഡിയോയും മലയാളി സമൂഹത്തിനിടയില്‍ ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.


വീഡിയോ കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക.


https://fb.watch/4gwyoNyBWM/


എല്ലാ കുടുംബങ്ങളിലും ഇതിനോടകം സെന്‍സസ് ഫോം പൂരിപ്പിച്ചു നല്‍കുന്നതിനാവശ്യമായ അക്‌സസ് കോഡും മറ്റു വിശദാംശങ്ങളും അടങ്ങിയ കത്ത് ലഭിച്ചു കഴിഞ്ഞിട്ടുണ്ട് . ആര്‍ക്കെങ്കിലും സെന്‍സസ് ഫോം പൂരിപ്പിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചിട്ടില്ലായെങ്കില്‍ www.census.gov.uk എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് സെന്‍സസ് ഫോം പൂരിപ്പിച്ചു നല്‍കാവുന്നതുമാണ്. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് സെന്‍സസ് ആക്ട് അനുസരിച്ച് യുകെ സെന്‍സസില്‍ നിയമാനുസൃതമായി എല്ലാവരും പങ്കെടുക്കേണ്ടതിനാല്‍ ആരെങ്കിലും ഇതില്‍ അലംഭാവം കാണിച്ചാല്‍ 1000 പൗണ്ട് വരെ പിഴ നല്‍കേണ്ടി വരുമെന്ന് അധികൃതര്‍ ഓര്‍മ്മപ്പെടുത്തുന്നു.


പത്തു വര്‍ഷങ്ങളില്‍ ഒരിക്കല്‍ മാത്രം ബ്രിട്ടനില്‍ ജീവിക്കുന്നവരുടെ പൊതുവായ വിവരങ്ങള്‍ ശേഖരിക്കുവാനായി നടത്തുന്ന സെന്‍സസില്‍ എല്ലാ മലയാളികളും പങ്കെടുക്കണമെന്നും പ്രധാന ഭാഷ മലയാളം എന്ന് രേഖപ്പെടുത്തി ദേശീയ സെന്‍സസ് ദിനമായ മാര്‍ച്ച് 21 ന് മുന്‍പായി യുകെ സെന്‍സസ് ഫോം പൂരിപ്പിച്ച് നല്‍കണമെന്നും മലയാളത്തിനും മലയാളികള്‍ക്കും പ്രാധാന്യം ലഭിക്കുന്ന ഈ ഉദ്യമത്തില്‍ എല്ലാ മലയാളികളും പങ്കാളികളാവണമെന്നും മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യര്‍ത്ഥിച്ചു.


യുകെ സെന്‍സസ് 2021ല്‍ പങ്കെടുക്കുന്നതിനെക്കുറിച്ചും പ്രധാന ഭാഷ

മലയാളമെന്ന് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും യുകെ മലയാളി സമൂഹത്തിനെ ബോധവല്‍ക്കരിക്കുന്നതിനായി മലയാളികളായ യുകെയിലെ കൗണ്‍സിലര്‍മാരും സംഘടനാ പ്രതിനിധികളും മാധ്യമങ്ങളും മലയാളത്തെ സ്‌നേഹിക്കുന്ന മുഴുവന്‍ ആളുകളും നടത്തുന്ന പരിശ്രമങ്ങള്‍ക്ക് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തകസമിതിയുടെ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു.



മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍

Other News in this category



4malayalees Recommends