മറ്റ് ആരാധനാലയങ്ങള്‍ക്കൊന്നും ഇല്ലാത്ത സന്ദര്‍ശക നിയന്ത്രണം നിസാമുദ്ദീന്‍ മര്‍ക്കസിന് മാത്രമായി ഏര്‍പ്പെടുത്താനാകില്ല'; ഡല്‍ഹി ഹൈക്കോടതി

മറ്റ് ആരാധനാലയങ്ങള്‍ക്കൊന്നും ഇല്ലാത്ത സന്ദര്‍ശക നിയന്ത്രണം നിസാമുദ്ദീന്‍ മര്‍ക്കസിന് മാത്രമായി ഏര്‍പ്പെടുത്താനാകില്ല'; ഡല്‍ഹി ഹൈക്കോടതി
നിസാമുദ്ദീന്‍ മര്‍ക്കസിലെ മതചടങ്ങുകള്‍ക്ക് ഇരുപതിലധികം പേര്‍ പാടില്ല എന്ന സര്‍ക്കാര്‍ നിയന്ത്രണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. നിസാമുദ്ദീന്‍ മര്‍ക്കസിന് മാത്രമായി സന്ദര്‍ശക നിയന്ത്രണം ഏര്‍പ്പെടുത്താനാകില്ലെന്ന് നിരീക്ഷിച്ച കോടതി, മറ്റ് ആരാധനാലയങ്ങള്‍ക്കൊന്നും ഇല്ലാത്ത സന്ദര്‍ശക നിയന്ത്രണം നിസാമുദ്ദീന്‍ മര്‍ക്കസില്‍ മാത്രം എന്തിന് നടപ്പാക്കണമെന്നും ചോദിച്ചു. നിസാമുദ്ദീന്‍ മര്‍ക്കസില്‍ ഒരു സമയം 20 പേരെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്ന ഡല്‍ഹി പൊലീസിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നിര്‍ദേശം കോടതി തള്ളി. റമസാന്‍ ആരാധനകള്‍ക്കായി മര്‍ക്കസിലെ മസ്ജിദ് ബന്‍ഗ്ലേ തുറന്നു കൊടുക്കാനും കോടതി ഉത്തരവിട്ടു.

'ഒരു മതസ്ഥലവും ഭക്തര്‍ക്ക് നിയന്ത്രണം വെച്ചിട്ടില്ല. പിന്നെയെങ്ങനെയാണ് ഇവിടെ മാത്രം 20 പേര്‍ മതിയെന്ന നിയന്ത്രണം വരുന്നത്. ഇതൊരു തുറന്ന സ്ഥലമാണ്' – ജസ്റ്റിസ് മുക്ത ഗുപ്ത വ്യക്തമാക്കി. 200 പേരുടെ പട്ടികയില്‍ നിന്ന് 20 പേര്‍ക്ക് മാത്രം അനുമതി നല്‍കിയാല്‍ മതിയെന്നാണ് കേന്ദ്രവും ഡല്‍ഹി പൊലീസും കോടതിയെ അറിയിച്ചിരുന്നത്.

കോടതി രൂക്ഷമായി പ്രതികരിച്ചതോടെ റമസാനില്‍ വിശ്വാസികളെ അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശ പ്രകാരം ആയിരിക്കണം പ്രവേശനമെന്നും കോടതി ഉത്തരവിട്ടു. പള്ളിയില്‍ മേല്‍നോട്ട ചുമതലയുള്ളവരുടെ പട്ടിക പ്രാദേശിക പൊലീസ് സ്‌റ്റേഷനില്‍ കൊടുക്കാവുന്നതാണ്. പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ പള്ളിയില്‍ പരിശോധനയാകാം. സാമൂഹിക അകലം പാലിച്ച് ഒരു സ്ഥലത്ത് ഒരേസമയം എത്ര പേര്‍ക്ക് നമസ്‌കാരത്തിന് സൗകര്യമുണ്ടെന്ന് കണക്കാക്കാന്‍ വേണ്ടിയാണിത്. അതനുസരിച്ച് പ്രാര്‍ത്ഥനക്ക് വിരി ഇടേണ്ട സ്ഥലങ്ങള്‍ അടയാളപ്പെടുത്തണം. ഇക്കാര്യങ്ങളുടെ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ട കോടതി, കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണനക്കായി മാറ്റിവെച്ചു.

കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തിരുന്നത്. സമ്മേളനത്തില്‍ പങ്കെടുത്ത ചിലര്‍ക്ക് കോവിഡ് ബാധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ 2020 മാര്‍ച്ച് 20 മുതല്‍ മര്‍ക്കസ് അടച്ചിട്ടിരിക്കുകയാണ്.

Other News in this category



4malayalees Recommends