വാഷിങ്ങ്ടണ്‍ ഡി സി: വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ ചര്‍ച്ചില്‍ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ കൊടിയേറ്റത്തോടെ ആരംഭിച്ചു. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് കൊടിയേറ്റ കര്‍മ്മങ്ങള്‍ക്കും ദിവ്യബലിക്കും നേതൃത്വം നല്‍കി.
കൊടിയേറ്റിനു മുന്നോടിയായി നടന്ന പ്രദക്ഷിണത്തിനു നൈറ്റ്‌സ് ഓഫ് കൊളമ്പസ് സംഘം അകംബടി സേവിച്ചു. പ്രസുദേന്തി വാഴ്ചയും നൊവേനയും നടത്തി.
കത്തോലിക്കാ വിശ്വാസത്തിന്റെ മൂന്നു നെടുംതൂണുകള്‍ ദൈവവചനം, പാരമ്പര്യങ്ങള്‍, സഭയുടെ പ്രബോധനങ്ങള്‍ എന്നിവയാണെന്ന് മാര്‍ ജോയി ആലപ്പാട്ട് തന്റെ സന്ദേശത്തില്‍ പറഞ്ഞു. വ്യക്തി ജീവിതത്തിലും കുടുംബ സാമൂഹ്യ സാഹചര്യങ്ങളിലും നിലപാടുകളും തീരുമാനങ്ങളും എടുക്കേണ്ടത് ഈ വസ്തുതകള്‍ പരിഗണിച്ചാവണമെന്നു അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.
ഇടവക വികാരി ഫാ. നിക്കോളാസ് തലക്കോട്ടൂര്‍ ഫാ : സിമ്മി വര്‍ഗീസ് എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. മൂന്നുദിവസത്തെ വചന ധ്യാനത്തിന് മാര്‍ ജോയ് ആലപ്പാട് നേതൃത്വം നല്‍കും. വരും ദിവസങ്ങളില്‍ പ്രത്യേയകമായ സെന്റ് ജൂഡ് നൊവേനയും ഒക്ടോബര്‍ 31 ഞായറാഴ്ച തിരുനാള്‍ ദിനത്തില്‍ ആഘോഷമായ ദിവ്യ ബലിയും പ്രദക്ഷിണവും സ്‌നേഹവിരുന്നും നടത്തുന്നതാണ്.