ഗോള്‍ഡ് വെറും 'വേസ്റ്റ് ഓഫ് മണി'! മകള്‍ വിവാഹത്തിന് അണിഞ്ഞത് റോള്‍ഡ് ഗോള്‍ഡ്: കാശില്ലാഞ്ഞിട്ടല്ല, സ്വര്‍ണം വാങ്ങി ലോക്കറില്‍ വയ്ക്കാന്‍ മനസില്ലാഞ്ഞിട്ടാണ് ; ജയലക്ഷ്മിയുടെ വാക്കുകള്‍ വൈറല്‍

ഗോള്‍ഡ് വെറും 'വേസ്റ്റ് ഓഫ് മണി'! മകള്‍ വിവാഹത്തിന് അണിഞ്ഞത് റോള്‍ഡ് ഗോള്‍ഡ്: കാശില്ലാഞ്ഞിട്ടല്ല, സ്വര്‍ണം വാങ്ങി ലോക്കറില്‍ വയ്ക്കാന്‍ മനസില്ലാഞ്ഞിട്ടാണ് ; ജയലക്ഷ്മിയുടെ വാക്കുകള്‍ വൈറല്‍
പെണ്‍മക്കളുടെ വിവാഹത്തിന്റെ ആധിയാണ് എല്ലാ മാതാപിതാക്കള്‍ക്കും. സമൂഹം കല്‍പ്പിച്ചുനല്‍കിയ പൊന്നും പണവും നിറഞ്ഞൊഴുകുന്ന ആഢംബരങ്ങളാണ് ആ ആധികള്‍ക്ക് പിന്നില്‍. പൊന്നും പണവുമില്ലെങ്കില്‍ നാണക്കേട് ഭയന്ന് കടം വാങ്ങി വിവാഹം നടത്തുന്നവരും, ജീവിതം അവസാനിപ്പിക്കുന്നവരും അനവധിയാണ്. അതിലെ എറ്റവും ഒടുവിലത്തെ ഇരയാണ് തൃശൂര്‍ സ്വദേശി വിപിന്‍. പെങ്ങളുടെ കല്ല്യാണം നടത്താന്‍ ലോണ്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിപിന്‍ ജീവനൊടുക്കിയത്.

അതേസമയം, വിദ്യാഭ്യാസവും ജോലിയുമാണ് മക്കള്‍ക്ക് നല്‍കേണ്ട ധനമെന്നും റോള്‍ഡ് ഗോള്‍ഡ് വാടകയ്‌ക്കെടുത്ത് മകളുടെ വിവാഹം നടത്തിയ കഥയാണ് മുംബൈ സ്വദേശിയായ ജയലക്ഷ്മി ജയകുമാര്‍ പങ്കുവയ്ക്കുന്നത്.

നവംബര്‍ 10നായിരുന്നു ജയലക്ഷ്മിയുടെ മകള്‍ വിനയയുടെയും ഭരതിന്റെയും വിവാഹം. അവളണിഞ്ഞത് റോള്‍ഡ് ഗോള്‍ഡാണ്. അതും വാടകയ്ക്ക് എടുത്തത്. ലെഹങ്കയും ഇത്തരത്തില്‍ വാടകയ്ക്ക് കിട്ടുമെന്ന് വൈകിയാണ് അറിഞ്ഞത്. അല്ലെങ്കില്‍ ഒറ്റ ദിവസം ഇട്ടിട്ട് അലമാരയിലെ പൊടിക്കും മാറാലയ്ക്കും കൊടുക്കുന്ന വിവാഹ വസ്ത്രവും അത്തരത്തില്‍ വാടകയ്ക്ക് എടുത്തേനെ. മാതൃകയായ വിവാഹം നടത്തിയ ജയലക്ഷ്മി കഥ പങ്കുവച്ചതിങ്ങനെ;

ഞാനും കുടുംബവും മുബൈയിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. ഭര്‍ത്താവ് ജയകുമാര്‍ ബാങ്കില്‍ നിന്നും റിട്ടയര്‍ ചെയ്തു. ഞാനൊരു ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ജോലിനോക്കുന്നു. പൊതുവേ എനിക്ക് സ്ത്രീധന കല്യാണങ്ങളോട് എതിര്‍പ്പ് മാത്രമല്ല, വല്ലാത്തൊരു വെറുപ്പാണ്. സമൂഹത്തില്‍ കുറേ പെണ്‍കുട്ടികളുടെ കണ്ണീരു കണ്ടതു കൊണ്ടാണ് ആ വെറുപ്പ് ഉള്ളിലുള്ളത്. മക്കളെ സ്വയം പര്യാപ്തരാക്കുക, യാതൊരു കണക്കു പറച്ചിലിനും ഇടകൊടുക്കാതെ അവരെ വിവാഹം കഴിപ്പിച്ചയക്കുക അത്രയേ ഞങ്ങള്‍ക്കും ഉണ്ടായിരുന്നുള്ളൂ.

ഭാഗ്യവശാല്‍ മകള്‍ വിനയ കണ്ടെത്തിയ ചെറുക്കന്‍ ഭരതും ഞങ്ങളുടെ അതേ വേവ് ലെംഗ്ത് ഉള്ളയാളായിരുന്നു. ഒരു തരി പൊന്നോ നയാപ്പൈസയോ പോലും അവര്‍ വിവാഹ ചര്‍ച്ചകളായി ഡിമാന്റായി മുന്നോട്ടു വച്ചിട്ടില്ല. രണ്ടു കുടുംബങ്ങള്‍ ഒരേ മനസോടെ എടുത്ത ആ തീരുമാനത്തില്‍ നിന്നുമായിരുന്നു വിവാഹ ഒരുക്കങ്ങളും മുന്നോട്ടു പോയത്. വിനയ വിപ്രോയിലാണ് ജോലി ചെയ്യുന്നത്. ഭരത് ക്രിയേറ്റീവ് ഡയറക്ടറാണ്.

മുംബൈയിലെ മുലുന്ദ് ഭക്തസംഘം ശ്രീകൃഷ്ണ ക്ഷേത്രമായിരുന്നു വിവാഹ വേദി. വിവാഹത്തിനുള്ള റോള്‍ഡ് ഗോള്‍ഡ് രണ്ട് സെറ്റ് എടുത്തു. ഒന്ന് അമ്പലത്തില്‍ വച്ചു നടന്ന കെട്ടിനും മറ്റൊന്ന് റിസപ്ഷനും. അതിന് മൂന്ന് ദിവസത്തേക്കുള്ള വാടക വെറും 8500 രൂപ മാത്രമേ ആയുള്ളൂ. ഒന്ന് ആലോചിച്ചു നോക്കൂ, ശരിക്കും ഒരു കല്യാണം നടത്താന്‍ പ്രത്യേകിച്ച് സ്വര്‍ണാഭരണങ്ങള്‍ക്കു വേണ്ടി എത്ര ലക്ഷങ്ങള്‍ വീട്ടുകാര്‍ പൊടിക്കും.

ഒന്നു കൂടി പറയട്ടേ, ഞങ്ങളുടെ പക്കല്‍ കാശില്ലാഞ്ഞിട്ടല്ല, സ്വര്‍ണം പവന്‍ കണക്കിന് വാങ്ങി ലോക്കറില്‍ വയ്ക്കാന്‍ മനസില്ലായിട്ടാണ് ആ വഴിക്ക് തിരിയാത്തത്. സ്വര്‍ണം ശരിക്കും 'വേസ്റ്റ് ഓഫ് മണി' തന്നെയാണ്, ആ കാശ് കൊണ്ട് വേറെ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമെന്നു ചിന്തിച്ചു നോക്കൂ.

സ്വര്‍ണം എടുക്കാന്‍ ചെല്ലുമ്പോഴാണ് ലെഹങ്കയും വാടകയ്ക്ക് ലഭിക്കും എന്നറിയാന്‍ കഴിഞ്ഞത്. പക്ഷേ അതിനു മുന്നേ ഞങ്ങള്‍ ലെഹങ്ക വാങ്ങിയിരുന്നു. അല്ലെങ്കില്‍ ലെഹങ്കയും വാടകയ്ക്ക് തന്നെ എടുത്തിരുന്നേനെ. 65000 രൂപ വിലമതിക്കുന്ന ലെഹങ്കയ്ക്ക് 18000 രൂപയാണ് വാടക. 20000 രൂപയ്ക്കുള്ള ലെഹങ്ക 5000 രൂപ വാടകയ്ക്ക് ലഭിക്കും. ഒരാള്‍ ധരിച്ച വസ്ത്രം അണിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഇങ്ങനെയൊരു ഓപ്ഷന്‍ എടുക്കണം എന്നില്ല. പക്ഷേ സ്വര്‍ണത്തിന്റെ കാര്യത്തിലെങ്കിലും ഇങ്ങനെയൊരു സാധ്യത ഉണ്ട് എന്നുള്ളത് പലര്‍ക്കും സൗകര്യപ്രദവും ആശ്വാസവുമായിരിക്കും. പ്രത്യേകിച്ച് സാധാരണക്കാരായ ആള്‍ക്കാര്‍ക്ക്.

മകള്‍ വിനയയും ഇതേ ചിന്താഗതിക്കാരിയാണ് എന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമേയുള്ളൂ. അവളുടെ അനിയത്തിക്കുട്ടി വിഭയ്ക്ക് നാളെയൊരു വിവാഹം ഉണ്ടാകുമ്പോഴും ഇങ്ങനെയൊക്കെ തന്നെയായിരിക്കും. കാരണം നമ്മള്‍ അവര്‍ക്ക് കൊടുക്കാനുള്ളത് വിദ്യാഭ്യാസമാണ്. അതു ഞങ്ങള്‍ കൊടുത്തിട്ടുണ്ട്. അവര്‍ സ്വയം പര്യാപ്തരുമാണ്.

പിന്നെ ഇതൊരു മഹാസംഭവമായി കാണേണ്ടതില്ല, മറിച്ച് കച്ചവട കല്യാണങ്ങളുടെ കാലത്ത് ദുരഭിമാനം വെടിഞ്ഞ് മക്കളെ കൈപിടിച്ചു നല്‍കാന്‍ തയ്യാറായാല്‍ പെണ്‍കുട്ടികളുടേയും അവരുടെ ആങ്ങളമാരുടെയും ആത്മഹത്യ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരില്ല. ജയലക്ഷ്മി പറയുന്നു.


Other News in this category



4malayalees Recommends