ഉദിച്ചുയര്‍ന്ന് ബിജെപി, അസ്തമിച്ച് കോണ്‍ഗ്രസ്, വിസ്മയിപ്പിച്ച് ആം ആദ്മി! അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും വിജയിച്ചുകയറി ബിജെപി; പഞ്ചാബില്‍ ഏകപക്ഷീയ വിജയക്കൊടി പറപ്പിച്ച് എഎപി; 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലില്‍ പതറി കോണ്‍ഗ്രസ്

ഉദിച്ചുയര്‍ന്ന് ബിജെപി, അസ്തമിച്ച് കോണ്‍ഗ്രസ്, വിസ്മയിപ്പിച്ച് ആം ആദ്മി! അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും വിജയിച്ചുകയറി ബിജെപി; പഞ്ചാബില്‍ ഏകപക്ഷീയ വിജയക്കൊടി പറപ്പിച്ച് എഎപി; 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലില്‍ പതറി കോണ്‍ഗ്രസ്

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന സെമി ഫൈനലായി വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ നാല് സംസ്ഥാനങ്ങളില്‍ വിജയത്തിലേക്ക് നീങ്ങി ഭാരതീയ ജനതാ പാര്‍ട്ടി. രാഷ്ട്രീയ പ്രാധാന്യമുള്ള ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ മുന്‍പൊരിക്കലും കാണാത്ത വിധത്തില്‍ തൂത്തുവാരിയാണ് ബിജെപിയുടെ 'മിന്നല്‍ പ്രകടനം'!


മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അപ്പാടെ തകര്‍ന്നു. ഗോവയില്‍ ബിജെപിക്ക് എതിരെ പോരാടാന്‍ സാധിച്ചുവെന്നത് മാത്രമാണ് ആശ്വസിക്കാവുന്ന കാര്യം. രാജ്യത്തെ ഏറ്റവും വലുതും, ജനസംഖ്യയില്‍ ഒന്നാമതുമുള്ള യുപിയില്‍ രണ്ടക്കം കടക്കാന്‍ പോലും പാര്‍ട്ടി പരാജയപ്പെട്ടു. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്തുള്ളത്.

കോണ്‍ഗ്രസിന് ഭരണമുള്ള ഏതാനും ചില സംസ്ഥാനങ്ങളില്‍ ഒന്നായിരുന്ന പഞ്ചാബില്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നടന്ന ഉള്‍പാര്‍ട്ടി പോരിന്റെ ഫലവും അവര്‍ അനുഭവിച്ചറിഞ്ഞു. ഭരണനേതൃത്വത്തില്‍ ഇരുന്ന നേതാവ് പാര്‍ട്ടി വിടുക കൂടി ചെയ്തതോടെ എഎപിയ്ക്ക് പോരാട്ടവേദി തുറന്നുകിട്ടി. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി പ്രവചനങ്ങള്‍ ശരിവെച്ച് പഞ്ചാബില്‍ വെന്നിക്കൊടി പാറിച്ചു.

ഉത്തരാഖണ്ഡില്‍ ഭരണവിരുദ്ധ വികാരം പ്രകടമാക്കിയെങ്കിലും ബിജെപി അധികാരത്തില്‍ തിരിച്ചെത്തിക്കാനാണ് ഇക്കുറിയും ജനം തയ്യാറായത്. മണിപ്പൂരില്‍ കാലുമാറ്റം സജീവമായിരുന്നെങ്കിലും ചെറുകിട പാര്‍ട്ടികളെ മറികടന്ന് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 32 സീറ്റുകളോടെ ബിജെപി മുന്നിലെത്തിയതോടെ 'കിംഗ്മേക്കറാകാന്‍' കൊതിച്ച ചെറുകിട പാര്‍ട്ടികള്‍ തലചൊറിയുകയാണ്.

നാല് സംസ്ഥാനങ്ങളില്‍ ബിജെപി വിജയിച്ച് കയറിയപ്പോള്‍ യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 102,063 വോട്ടുകളുടെ വമ്പന്‍ മാര്‍ജിനില്‍ ജയിച്ചുകയറി ജനപ്രീതി വ്യക്തമാക്കി.

പഞ്ചാബില്‍ കോണ്‍ഗ്രസ് കപ്പല്‍ മുങ്ങാതെ നോക്കാന്‍ നിയോഗിക്കപ്പെട്ട മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ഛന്നിക്ക് എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവത് മന്നിനോട് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.

മണിപ്പൂരില്‍ ബിജെപിയെ വിജയത്തിലേക്ക് നയിച്ച മുഖ്യമന്ത്രി എന്‍ ബിരേണ്‍ സിംഗ് 24,814 വോട്ടിനാണ് വിജയിച്ചത്. അതേസമയം ഗോവയില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് കേവലം 66 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയെ 6500 വോട്ടിന് കോണ്‍ഗ്രസിന്റെ ഭുവന്‍ ചന്ദ്ര കപ്രി ഞെട്ടിക്കുകയും ചെയ്തു.

Other News in this category



4malayalees Recommends