വിമാനത്തിലെ പ്രതിഷേധം നേതൃത്വം അറിഞ്ഞതല്ല, പുതിയ സമര രീതി ചെയ്തതാകാം, പ്രവര്‍ത്തകരെ തള്ളിപ്പറയില്ല; ഈ രീതിയെങ്കില്‍ പിണറായിയുടെ പതനം ആസന്നമെന്ന് കെ സുധാകരന്‍

വിമാനത്തിലെ പ്രതിഷേധം നേതൃത്വം അറിഞ്ഞതല്ല, പുതിയ സമര രീതി ചെയ്തതാകാം, പ്രവര്‍ത്തകരെ തള്ളിപ്പറയില്ല; ഈ രീതിയെങ്കില്‍ പിണറായിയുടെ പതനം ആസന്നമെന്ന് കെ സുധാകരന്‍
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം നേതൃത്വം അറിഞ്ഞതല്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രവര്‍ത്തകര്‍ പുതിയ സമരരീതി ചെയ്തതാകാം. സമരത്തെ തങ്ങള്‍ ന്യായീകരിക്കുന്നില്ലെന്നും അതേസമയം പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വധശ്രമത്തിന് എതിരെ കേസെടുത്തതില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സുധാകരന്‍.

മുഖ്യമന്ത്രിയുടെ പ്രായം പോലും അറിയാതെയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിഷേധക്കാരെ മര്‍ദ്ദിച്ചത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനാണ്. അദ്ദേഹത്തിന് എതിരെ കേസെടുക്കണം. വാ തുറന്നാല്‍ ഇ പി ജയരാജന്‍ വിടുവായത്തമാണ് പറയുന്നത്. ആദ്യം പ്രതിഷേധക്കാര്‍ മദ്യപിച്ചെന്നു പറഞ്ഞു. പിന്നീട് അത് തിരുത്തിയെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

അക്രമങ്ങള്‍ക്ക് ഒടുവില്‍ സിപിഎമ്മിന് തലകുനിക്കേണ്ടി വരും. അക്രമത്തിന്റെ യാത്ര നിര്‍ത്താന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ ഗുരുതര ഭവിഷ്യത്തുകളായിരിക്കും നേരിടുക. ഈ രീതിയിലാണ് ഭരണമെങ്കില്‍ പിണറായി വിജയന്റെ പതനം ആസന്നമായെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രതിഷേധത്തില്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോ പൊലീസിന് റിപ്പോര്‍ട്ട് നല്‍കി. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ മൂന്ന് പേര്‍ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. അവര്‍ നാടന്‍ ഭാഷയില്‍ ഭീഷണി മുഴക്കിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വധശ്രമക്കേസില്‍ പരാതിക്കാരെ സാധൂകരിക്കുന്ന തരത്തിലുള്ളതാണ് വിമാനക്കമ്പനിയുടെ റിപ്പോര്‍ട്ട്.



Other News in this category



4malayalees Recommends