വീട്ടില്‍ക്കേറി കൊത്തിക്കീറും.. തിക്കോടിയിലെ കൊലവിളി മുദ്രാവാക്യം ; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

വീട്ടില്‍ക്കേറി കൊത്തിക്കീറും.. തിക്കോടിയിലെ കൊലവിളി മുദ്രാവാക്യം ; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
തിക്കോടിയിലെ കൊലവിളി മുദ്രാവാക്യത്തില്‍ പയ്യോളി പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് തിക്കോടി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് രാജീവന്‍ മാസ്റ്ററുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. നാട്ടില്‍ ക്രമസമാധാനം തകര്‍ക്കുക, കലാപത്തിന് ആഹ്വാനം ചെയ്യുക, അന്യായമായി സംഘം ചേരുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

തിക്കോടിയില്‍ ചൊവ്വാഴ്ച രാത്രി നടന്ന പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ കൊലവിളി മുദ്രാവാക്യത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഷുഹൈബിനെയും കൃപേഷിനെയും ഓര്‍മ്മയില്ലേ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്. വല്ലാണ്ടങ്ങ് കളിച്ചാല്‍ വീട്ടില്‍ കയറി കൊത്തിക്കീറും എന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയിരുന്നു. പെരിയ ഇരട്ടക്കൊലപാതകങ്ങളെ പരാമര്‍ശിച്ചും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയിരുന്നു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന് ഇ മെയില്‍ വഴി പരാതി നല്‍കിയിരുന്നു.

ഓര്‍മ്മയില്ലേ ഷുഹൈബിനെ, വല്ലാണ്ടങ്ങ് കളിച്ചപ്പോള്‍ ചത്തുമലര്‍ന്നത് ഓര്‍മ്മയില്ലേ? പ്രസ്ഥാനത്തിനുനേരേ വന്നാല്‍ വീട്ടില്‍ക്കേറി കൊത്തിക്കീറും:' എന്നായിരുന്നു പ്രകടനത്തിനിടയില്‍ ഉയര്‍ന്ന മുദ്രാവാക്യം.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ ഉണ്ടായ വധശ്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു തിക്കോടിയിലെ പ്രകടനം.

Other News in this category



4malayalees Recommends