കൊച്ചിയില്‍ ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവം ; നല്‍കിയിരുന്നത് പ്രത്യേക പാത്രവും ഗ്ലാസും ; കസേരയില്‍ ഇരുത്തിയിരുന്നില്ല ; ഭര്‍തൃ കടുംബം ജാതി അധിക്ഷേപം നടത്തിയിരുന്നുവെന്ന് പരാതി

കൊച്ചിയില്‍ ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവം ; നല്‍കിയിരുന്നത് പ്രത്യേക പാത്രവും ഗ്ലാസും ; കസേരയില്‍ ഇരുത്തിയിരുന്നില്ല ; ഭര്‍തൃ കടുംബം ജാതി അധിക്ഷേപം നടത്തിയിരുന്നുവെന്ന് പരാതി
കൊച്ചിയില്‍ ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ യുവതിയുടെ കുടുംബം. സംഗീതയെ ഭര്‍തൃ വീട്ടുകാര്‍ ജാതീയമായി അധിക്ഷേപിക്കുകയും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു എന്നുമാണ് കുടുംബത്തിന്റെ ആരോപണം. സംഗീത ആത്മഹത്യ ചെയ്ത് 41 ദിവസം കഴിഞ്ഞിട്ടും ഭര്‍ത്താവ് സുമേഷിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും ആരോപണം ഉണ്ട്

2020 ഏപ്രിലിലാണ് സംഗീതയും തൃശ്ശൂര്‍ സ്വദേശി സുമേഷും വിവാഹിതരായത്. പ്രണയ വിവാഹം ആയിരുന്നു. സംഗീതയെ വിവാഹം കഴിച്ച് തരണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാരെ സമീപിച്ചതും സുമേഷ് ആയിരുന്നു. എന്നാല്‍ വിവാഹ ശേഷം സുമേഷിന്റെ വീട്ടില്‍നിന്ന് സംഗീതയ്ക്ക് ജാതീയമായ അധിക്ഷേപങ്ങള്‍ നേരിടേണ്ടിവന്നുവെന്നും കുടുംബം പറയുന്നു. ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ഗ്ലാസും പാത്രവും നല്‍കിയിരുന്നു. കസേരയില്‍ ഇരിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല.

' കുടിക്കാന്‍ ഒരു ഗ്ലാസ് വെള്ളമെടുത്താല്‍ അവരത് തട്ടി കളയും. കസേരയിലല്ല, നിലത്തിരിക്കണം. പട്ടിയെ പോലെ പണിയെടുക്കാന്‍ അവള്‍ വേണം. എന്നിട്ടും അവനൊപ്പം ജീവിക്കണമെന്നാണ് അവള്‍ ആഗ്രഹിച്ചത്' സംഗീതയുടെ സഹോദരി സലീന പറയുന്നു.

സ്ത്രീധനം നല്‍കിയില്ലെങ്കില്‍ ബന്ധം വേര്‍പ്പെടുത്തുമെന്ന് സുമേഷ് സംഗീതയെ ഭീഷണിപ്പെടുത്തി. ഗര്‍ഭിണിയായപ്പോഴും പ്രസവത്തോടെ കുഞ്ഞു മരിച്ചപ്പോഴും ഭര്‍ത്യ വീട്ടില്‍ നിന്ന് സംഗീതക്ക് നേരിടേണ്ടി വന്നത് ക്രൂരതകളാണ്. കുഞ്ഞിന്റെ മൃതദേഹം പോലും അവര്‍ വീട്ടില്‍ കയറ്റിയില്ല.

അഞ്ചാം മാസത്തിലാണ് കുഞ്ഞ് മരിച്ചത്. ആ കുട്ടിയെ വീട്ടില്‍ പോലും കയറ്റിയില്ല. ഞങ്ങളുടെ സ്ഥലത്ത് സൗകര്യമില്ലാത്തതിനാല്‍ അച്ഛനാണ് പൊതുശ്മശാനത്തില്‍ പോയി കുഞ്ഞിനെ സംസ്‌കരിച്ചത്' സലീന പറയുന്നു.

ഭര്‍ത്താവ് സുമേഷിനും കുടുംബത്തിനും എതിരെ സംഗീതയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീധന പീഡനം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തീട്ടം ഇവരെ അറസ്റ്റ് ചെയ്യാനോ വേണ്ട നടപടി സ്വീകരിക്കാനോ പോലീസിനെയും തയ്യാറാകുന്നില്ലെന്നാണ് സംഗീതയുടെ കുടുംബത്തിന്റെ ആരോപണം. ഹൈക്കോടതിയുടെ മുന്നിലെ പുറമ്പോക്ക് ഭൂമിയില്‍ കഴിയുന്ന സംഗീതയുടെ കുടുംബം നീതിക്കായുള്ള പോരാട്ടം തുടരുകയാണ്

Other News in this category



4malayalees Recommends