യുവതിയെ മരണത്തിലേക്ക് തള്ളിവിട്ട് ഡോക്ടര്‍മാര്‍; കടുത്ത തലവേദനയുമായി കയറി ഇറങ്ങിയത് മൂന്ന് ആശുപത്രികളില്‍

യുവതിയെ മരണത്തിലേക്ക് തള്ളിവിട്ട് ഡോക്ടര്‍മാര്‍; കടുത്ത തലവേദനയുമായി കയറി ഇറങ്ങിയത് മൂന്ന് ആശുപത്രികളില്‍
വീണ്ടും ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ മറ്റൊരു ജീവന്‍ കൂടി പൊലിഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് ഉള്‍പ്പടെ മൂന്ന് ആശുപത്രികളില്‍ നിന്നും യഥാസമയം ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. ആശുപത്രികളില്‍ ഉണ്ടായ അനാസ്ഥയില്‍ മകളുടെ ജീവന്‍ നഷ്ടമായെന്നാണ് യുവതിയുടെ അച്ഛന്‍ പരാതിപ്പെടുന്നത്. ഇടുക്കി ഏലപ്പാറ സ്വദേശി ലിഷമോള്‍ മരിച്ച സംഭവത്തിലാണ് പിതാവ് സിആര്‍ രാമര്‍ ആണ് ആരോഗ്യ മന്ത്രിക്ക് അടക്കം പരാതി നല്‍കിയിരിക്കുന്നത്.

ഞായറാഴ്ച്ച രാവിലെ കടുത്ത തലവേദനയെത്തുടര്‍ന്ന് ലിഷമോളെ ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കും എത്തിച്ചു. ഉച്ചയ്ക്ക് 1.45ന് മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നെങ്കിലും ഡാക്ടര്‍മാര്‍ പരിശോധിക്കാന്‍ തയാറായില്ല. പല തവണ ആവശ്യപ്പെട്ടതോടെയാണ് 3.30ന് സ്‌കാനിങ് നടത്താന്‍ പോലും തയാറായത്. ഈ റിപ്പോര്‍ട്ടും യഥാസമയം പരിശോധിച്ചില്ലെന്നാണ് പരാതി.

അതേസമയം, ഒട്ടേറെ തവണ ആവശ്യപ്പെട്ടപ്പോള്‍ തിരക്കുളളവര്‍ക്കു മറ്റു ആശുപത്രികളിലേക്കു പോകാം എന്നാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇതോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ലിഷയെ മാറ്റുകയായിരുന്നു.

ഇവിടെ എത്തിയപ്പോഴാണ് ലിഷമോള്‍ അരമണിക്കൂര്‍ മുന്‍പ് മരിച്ചു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. ലിഷമോളുടെ മരണത്തില്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് വീഴ്ച്ചയുണ്ടായെന്നാണ് പരാതി. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും പിതാവ് ആവശ്യപ്പെടുന്നു.

Other News in this category



4malayalees Recommends