വിമാന യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; യാത്രക്കാരന് രക്ഷകരായി മലയാളി നഴ്‌സും ഡോക്ടര്‍മാരും

വിമാന യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; യാത്രക്കാരന് രക്ഷകരായി മലയാളി നഴ്‌സും ഡോക്ടര്‍മാരും
വിമാന യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജവാന് രക്ഷകരായി ഡോക്ടര്‍മാരും മലയാളി നഴ്‌സും. കോഴിക്കോട് സ്വദേശിനിയായ ഗീതാഞ്ജലിയില്‍ പി. ഗീതയാണ് അഭിമാനമായത്. 2020ലെ ദേശീയ ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരത്തിന് അര്‍ഹയായതിന് രാഷ്ട്രപതിയുടെ ആശംസകളേറ്റുവാങ്ങാനുള്ള യാത്രയിലാണ് ഗീത ആതുര സേവനത്തിന്റെ കൂടി മാതൃകയായത്.

കോഴിക്കോട്ടുനിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയില്‍, കുഴഞ്ഞുവീണ സഹയാത്രികന് സമയോജിതമായ ഇടപെടലിലൂടെയാണ് ഗീത അഭിമാനത്തിന്റെ മുഖമായി മാറിയത്. ഗീതയും വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരും ചേര്‍ന്നാണ് ജമ്മുവില്‍ സൈനികനായ സുമന്‍ എന്ന 32കാരന്റെ ജീവന്‍രക്ഷിച്ചത്.

2020ലെ ദേശീയ ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാര ജേതാവ് കൂടിയായിരുന്നു ഗീത. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുന്‍ നഴ്‌സിങ് സൂപ്രണ്ട് ആണ് ഗീത.ഇത്തവണത്തെ അവാര്‍ഡ് ജേതാക്കള്‍ക്കൊപ്പം കഴിഞ്ഞ തവണത്തെ അവാര്‍ഡ് ജേതാക്കള്‍ക്കും രാഷ്ട്രപതിഭവനിലെ അവാര്‍ഡ് പരിപാടിയില്‍ ക്ഷണം ലഭിച്ചിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഞായറാഴ്ച രാവിലെയാണ് 10.50ന്റെ വിമാനത്തില്‍ ഗീത യാത്ര തിരിച്ചത്

വിമാനം പുറപ്പെട്ടു 45 മിനിറ്റുകള്‍ക്കുശേഷമാണ് യാത്രക്കാരിലൊരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായും ആരോഗ്യപ്രവര്‍ത്തകര്‍ ആരെങ്കിലുമുണ്ടെങ്കില്‍ സഹായിക്കണമെന്നും വിമാനത്തിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടത്. ഉടന്‍ തന്നെ ഗീതയും മറ്റ് രണ്ട് ഡോക്ടര്‍മാരും ചേര്‍ന്ന് ആവശ്യമായ ചികിത്സ ലഭ്യമാക്കുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്ത സൈനികനെ ഡല്‍ഹി വിമാനത്താവളത്തിലെത്തിച്ചശേഷം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോള്‍, ഗീത കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്.

Other News in this category



4malayalees Recommends