നഴ്‌സിംഗ് സമരം മൂലം മാറ്റിവെച്ചത് 16,000-ല്‍ താഴെ അപ്പോയിന്റ്‌മെന്റുകള്‍ മാത്രം; എന്‍എച്ച്എസിലെ ഏറ്റവും വലിയ സമരം 70,000 ചികിത്സകള്‍ നഷ്ടപ്പെടുത്തുമെന്ന മന്ത്രിമാരുടെ വാദം അസ്ഥാനത്തായി; പണിമുടക്കിലും 'മാന്യത' കാണിച്ച് നഴ്‌സുമാര്‍

നഴ്‌സിംഗ് സമരം മൂലം മാറ്റിവെച്ചത് 16,000-ല്‍ താഴെ അപ്പോയിന്റ്‌മെന്റുകള്‍ മാത്രം; എന്‍എച്ച്എസിലെ ഏറ്റവും വലിയ സമരം 70,000 ചികിത്സകള്‍ നഷ്ടപ്പെടുത്തുമെന്ന മന്ത്രിമാരുടെ വാദം അസ്ഥാനത്തായി; പണിമുടക്കിലും 'മാന്യത' കാണിച്ച് നഴ്‌സുമാര്‍

നഴ്‌സുമാരുടെ സമരം വരുത്തിവെയ്ക്കുന്ന നഷ്ടങ്ങളെ കുറിച്ച് ഗവണ്‍മെന്റ് നടത്തിയ പ്രചരണങ്ങള്‍ അസ്ഥാനത്തെന്ന് കണക്കുകള്‍. എന്‍എച്ച്എസിലെ ഏറ്റവും വലിയ സമരവുമായി നഴ്‌സുമാര്‍ രംഗത്തിറങ്ങുമ്പോള്‍ 70,000 അപ്പോയിന്റ്‌മെന്റുകള്‍ നഷ്ടമാകുമെന്നാണ് ഹെല്‍ത്ത് മന്ത്രി മാരിയ കോള്‍ഫീല്‍ഡ് പ്രവചിച്ചത്. എന്നാല്‍ 16,000-ല്‍ താഴെ അപ്പോയിന്റ്‌മെന്റുകളും, ചികിത്സകളും, സര്‍ജറികളുമാണ് മാറ്റിവെയ്‌ക്കേണ്ടി വന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി.


12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നഴ്‌സിംഗ് സമരത്തില്‍ വന്‍തോതില്‍ അപ്പോയിന്റ്‌മെന്റുകള്‍ നഷ്ടമാകുമെന്നാണ് ആരോഗ്യ മന്ത്രി ഭയപ്പെടുത്തിയിരുന്നത്. എന്നാല്‍ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് സമരം നടന്ന വ്യാഴാഴ്ച 15,779 അപ്പോയിന്റ്‌മെന്റുകളാണ് പുനര്‍നിശ്ചയിക്കേണ്ടി വന്നതെന്ന് എന്‍എച്ച്എസ് ഡാറ്റ വ്യക്തമാക്കുന്നു. ഇതില്‍ 2452 ഇന്‍പേഷ്യന്റ്, ഡേ കേസ് ഇലക്ടീവ് പ്രൊസീജ്യറുകളും, 13,327 ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളും ഉള്‍പ്പെടും.

സമരം നടന്ന ശേഷം മാത്രമാണ് ഇതിന്റെ ആഘാതം എത്രത്തോളമെന്ന് നിശ്ചയിക്കാന്‍ കഴിയൂവെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിനും വ്യക്തമായിട്ടുണ്ട്. ആര്‍സിഎന്‍ സമരങ്ങളില്‍ ഒരു ലക്ഷം നഴ്‌സുമാര്‍ വിട്ടുനില്‍ക്കുമ്പോഴുള്ള ഏറ്റവും മോശം അവസ്ഥയിലെ കണക്ക് പ്രകാരമാണ് മരിയാ കോള്‍ഫീല്‍ഡ് കണക്കുകള്‍ പങ്കുവെച്ചത്.

എന്നാല്‍ സമരദിനത്തില്‍ ഇംഗ്ലണ്ടില്‍ 9,999 ജീവനക്കാരാണ് പണിമുടക്കിയതെന്ന് എന്‍എച്ച്എസ് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. സൗത്ത് വെസ്റ്റില്‍ 2372 പേരും, മിഡ്‌ലാന്‍ഡ്‌സില്‍ 2023 പേരും, നോര്‍ത്ത് ഈസ്റ്റ്, യോര്‍ക്ക്ഷയറില്‍ 1714 നഴ്‌സുമാരുമാണ് സമരത്തില്‍ പങ്കെടുത്തത്.

നഴ്‌സുമാര്‍ക്ക് കൂടുതല്‍ പണം നല്‍കാന്‍ തയ്യാറാകണമെന്ന് മുതിര്‍ന്ന ടോറി അംഗങ്ങള്‍ സമ്മര്‍ദം ചെലുത്തുമ്പോഴും പ്രധാനമന്ത്രി ഋഷി സുനാക് വഴങ്ങിയിട്ടില്ല. വരുന്ന ചൊവ്വാഴ്ചയാണ് നഴ്‌സുമാരുടെ രണ്ടാമത്തെ പണിമുടക്ക്.
Other News in this category



4malayalees Recommends