മാങ്ങാ മോഷണക്കേസ് പൊലീസ് സേനയ്ക്ക് നാണക്കേടായി ; പ്രതിയായ പോലീസുകാരനെ പിരിച്ചു വിടും

മാങ്ങാ മോഷണക്കേസ് പൊലീസ് സേനയ്ക്ക് നാണക്കേടായി ; പ്രതിയായ പോലീസുകാരനെ പിരിച്ചു വിടും
കേരളം ഒന്നടങ്കം ചര്‍ച്ചയായ മാങ്ങാ മോഷണക്കേസിലെ പ്രതിയായ പോലീസുകാരനെ പിരിച്ചു വിടും. ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാര്‍ക്കെതിരായ നടപടിയുടെ തുടര്‍ച്ചയായിട്ടാണ് തീരുമാനം. ഇടുക്കി എ.ആര്‍ കാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.വി.ഷിഹാബിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

മാങ്ങാ മോഷണത്തില്‍ പോലീസുകാരന്റെ പങ്ക് വെളിപ്പെട്ടതോടെ കേരളാ പോലീസ് സേനയ്ക്ക് വലിയ നാണക്കേട് വരുത്തിയിരുന്നു. ഇതില്‍ നിന്ന് കൂടി മുഖം രക്ഷിക്കാനാണ് നീക്കം. കഴിഞ്ഞ സെപ്തംബര്‍ 28ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന വഴി മുണ്ടക്കയത്തെ പഴക്കടയില്‍ നിന്ന് മാങ്ങാ എടുത്തത്. മോഷണക്കേസെടുത്തെങ്കിലും പിന്നീട് പഴക്കടക്കാരന്‍ പരാതി ഇല്ലെന്ന് അറിയിച്ചതോടെ കോടതി കേസ് തീര്‍പ്പാക്കിയിരുന്നു.

ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ഇടുക്കി എസ്.പി വി.യു.കുര്യാക്കോസാണ് പിരിച്ചുവിടലിന് മുന്നോടിയായുള്ള നോട്ടീസ് നല്‍കിയത്. മാങ്ങാ മോഷണം കൂടാതെ ഷിഹാബിനെതിരെ മറ്റ് രണ്ട് കേസുകള്‍ കൂടിയുള്ളതും അച്ചടക്ക നടപടി നേരിട്ടിട്ടുള്ളതും പിരിച്ചുവിടാനുള്ള തീരുമാനത്തിലേക്ക് നയിച്ചു. പതിനഞ്ച് ദിവസത്തിനകം ഇടുക്കി എസ്.പിക്ക് വിശദീകരണം നല്‍കണം. അതനുസരിച്ചായിരിക്കും അന്തിമനടപടിയെന്നാണ് വിവരം.

Other News in this category



4malayalees Recommends