'വേലിയില്‍ കിടന്ന വിഷപ്പാമ്പിനെ എടുത്ത് കഴുത്തില്‍ ചുറ്റിയ പരമശിവം': പീഡന ആരോപണങ്ങള്‍ക്കിടെ അര്‍ജുന്‍ ആയങ്കി

'വേലിയില്‍ കിടന്ന വിഷപ്പാമ്പിനെ എടുത്ത് കഴുത്തില്‍ ചുറ്റിയ പരമശിവം': പീഡന ആരോപണങ്ങള്‍ക്കിടെ അര്‍ജുന്‍ ആയങ്കി
സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ പോലീസ് സംരക്ഷണയില്‍ ഇരുന്ന് ഭാര്യ അമല ഗുരുതര ലൈംഗിക പീഡന ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെതിരെ അര്‍ജുന്‍ രംഗത്ത് വന്നു. തനിക്കെതിരെ ആരോപണമുന്നയിച്ച ഭാര്യ അമലയ്ക്ക് മാനസിക പ്രശ്‌നമാണെന്നും, അവളോട് സഹതാപം തോന്നുന്നവര്‍ അത് ചികിത്സിച്ച് ഭേദമാക്കുകയാണ് ചെയ്യേണ്ടതെന്നും പരിഹസിച്ചുകൊണ്ടുള്ള അര്‍ജുന്‍ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. ഇതിനിടെ, അമലയെ പരിഹസിച്ച് കൊണ്ട് അര്‍ജുന്‍ മറ്റൊരു പോസ്റ്റും പങ്കുവെച്ചു. 'വേലിയില്‍ കിടന്ന വിഷപ്പാമ്പിനെ എടുത്ത് കഴുത്തില്‍ ചുറ്റിയ പരമശിവം' എന്ന തലക്കെട്ടില്‍ സ്വന്തം ഫോട്ടോയാണ് അര്‍ജുന്‍ പങ്കുവെച്ചത്. നിലവിലെ സാഹചര്യത്തില്‍ അമലയെയും, വിവാദങ്ങളെയുമാണ് ഇതിലൂടെ അര്‍ജുന്‍ ലക്ഷ്യം വെയ്ക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

നേരത്തെ, അര്‍ജുന്‍ ആയങ്കിക്കും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡന ആരോപണവുമായി അമല തന്റെ ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു രംഗത്തെത്തിയത്. താന്‍ ആത്മഹത്യ ചെയ്താല്‍ അതിനുകാരണം ആയങ്കിയുടെ കുടുംബമാണെന്നും അമല ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. പോലീസിന്റെ സഹായത്തോടെ താമസിപ്പിച്ച സ്ഥലത്തുനിന്നാണ് താന്‍ സംസാരിക്കുന്നതെന്നാണ് ഫെയ്‌സ്ബുക്ക് ലൈവിന്റെ തുടക്കത്തില്‍ പറയുന്നത്. നിറത്തിന്റെ പേരില്‍ അര്‍ജുന്റെ വീട്ടുകാര്‍ തന്നെ മാനസികമായി ഉപദ്രവിക്കുമായിരുന്നുവെന്നും വിവാഹത്തിന് മുന്‍പ് തന്റെ ഗര്‍ഭഛിദ്രം നടത്തിയെന്നും അമല പറഞ്ഞിരുന്നു.

അതേസമയം, തന്റെ ഭാര്യയ്‌ക്കെതിരെ കടുത്ത പരിഹാസങ്ങളാണ് അര്‍ജുന്‍ ആയങ്കി നടത്തിയത്. അമലയുടെ അമ്മ പറഞ്ഞത് അവള്‍ക്ക് ബാധ കൂടിയതാണ് എന്നാണെന്നും, മുന്‍പും ഇതുപോലെ ഉണ്ടായിട്ട് പൂജ ചെയ്ത് മാറ്റിയതാണ് എന്നും അര്‍ജുന്‍ ആയങ്കി ആരോപിക്കുന്നു. തനിക്ക് ബാധയിലൊന്നും വിശ്വാസമില്ലാത്തതിനാല്‍ കണ്ണൂരില്‍ ഡോക്ടറെ കാണിച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്നും അര്‍ജുന്‍ ആയങ്കി ആരോപിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അര്‍ജുന്റെ ആരോപണം.

'അവനവന്‍ അനുഭവിച്ചിട്ടില്ലാത്ത അവസ്ഥാന്തരങ്ങളെല്ലാം മറ്റുള്ളവര്‍ക്ക് വെറും കെട്ടുകഥകള്‍ മാത്രമായിരിക്കും. ഞാന്‍ അനുഭവിച്ച പ്രയാസങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് എന്റെ സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കും മാത്രമറിയാം. അത് മൈക്ക് കെട്ടിവെച്ച് കവലപ്രസംഗം നടത്താന്‍ ഞാനാഗ്രഹിക്കുന്നില്ല. ആരാന്റമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേലാണ്', അര്‍ജുന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Other News in this category



4malayalees Recommends