ഹീത്രൂവില്‍ 10 ദിവസം പണിമുടക്ക്; ഈസ്റ്റര്‍ ഹോളിഡേയില്‍ നാട്ടിലേക്ക് യാത്ര പുറപ്പെടുന്നവര്‍ക്ക് കുരുക്ക്; ശമ്പളവര്‍ദ്ധന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ സുരക്ഷാ ഗാര്‍ഡുമാര്‍ സമരത്തിന്; മാര്‍ച്ച് 31ന് തുടങ്ങുന്ന തലവേദന നേരിടാന്‍ തയ്യാറെന്ന് എയര്‍പോര്‍ട്ട്

ഹീത്രൂവില്‍ 10 ദിവസം പണിമുടക്ക്; ഈസ്റ്റര്‍ ഹോളിഡേയില്‍ നാട്ടിലേക്ക് യാത്ര പുറപ്പെടുന്നവര്‍ക്ക് കുരുക്ക്; ശമ്പളവര്‍ദ്ധന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ സുരക്ഷാ ഗാര്‍ഡുമാര്‍ സമരത്തിന്; മാര്‍ച്ച് 31ന് തുടങ്ങുന്ന തലവേദന നേരിടാന്‍ തയ്യാറെന്ന് എയര്‍പോര്‍ട്ട്

ഈസ്റ്റര്‍ ഹോളിഡേയില്‍ 10 ദിവസം നീളുന്ന പണിമുടക്ക് പ്രഖ്യാപിച്ച് ഹീത്രൂ എയര്‍പോര്‍ട്ട് സുരക്ഷാ ഗാര്‍ഡുകള്‍. എയര്‍പോര്‍ട്ട് മേധാവികളുമായി ശമ്പളവര്‍ദ്ധന വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് പ്രഖ്യാപനം. മാര്‍ച്ച് 31 വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 9 ശനിയാഴ്ച വരെ നീളുന്ന യുണൈറ്റ് അംഗങ്ങളുടെ സമരങ്ങള്‍ നേരിടാന്‍ അടിയന്തര പദ്ധതി തയ്യാറാണെന്ന് എയര്‍പോര്‍ട്ട് വ്യക്തമാക്കി.


10 ശതമാനം ശമ്പളവര്‍ദ്ധനവും, മറ്റ് ആനുകൂല്യങ്ങളും ഓഫര്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ലെന്ന് ഹീത്രൂ വെളിപ്പെടുത്തി. ടെര്‍മിനല്‍ ഫൈവിലെ സുരക്ഷാ ഗാര്‍ഡുമാരാണ് സമരത്തിന് ഇറങ്ങുന്നത്. എന്നാല്‍ ഇത് ബാധിക്കാത്ത വിധത്തില്‍ പ്രവര്‍ത്തനം നടത്താന്‍ അടിയന്തര പദ്ധതികള്‍ ഒരുക്കിയിട്ടുള്ളതായി എയര്‍പോര്‍ട്ട് പറയുന്നു.

'യാത്രക്കാര്‍ അവധിക്കാല യാത്രക്ക് ഇറങ്ങുമ്പോള്‍ ഈ അനാവശ്യ സമരങ്ങളെ അവരെ ബാധിക്കാന്‍ അനുവദിക്കില്ല. ഞങ്ങളുടെ അടിയന്തര പദ്ധതികള്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കും', എയര്‍പോര്‍ട്ട് വക്താവ് പ്രതികരിച്ചു.

യുണൈറ്റ് അംഗങ്ങളുടെ സമരം മൂലമുള്ള പ്രത്യാഘാതങ്ങള്‍ പരമാവധി കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. 1000 അധിക ജീവനക്കാരെയും, മാനേജ്‌മെന്റ് ടീമിനെയും ടെര്‍മിനലുകളില്‍ ഇറക്കി തിരക്കേറിയ ഈസ്റ്റര്‍ യാത്രകള്‍ക്ക് സഹായം നല്‍കും, വക്താവ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ചയാണ് ഹീത്രൂ എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡില്‍ നിയോഗിച്ചിട്ടുള്ള തങ്ങളുടെ 1400-ലേറെ അംഗങ്ങള്‍ പണിമുടക്കുമെന്ന് യുണൈറ്റ് പ്രഖ്യാപിച്ചത്. ഈസ്റ്റര്‍ മുതല്‍ 1000 പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാര്‍ അഞ്ചാഴ്ച പണിമുടക്കുന്നത് മൂലം പാസ്‌പോര്‍ട്ട് പുതുക്കുന്നത് ഉള്‍പ്പെടെ കാലതാമസം നേരിടുമെന്ന ആശങ്കകള്‍ക്കിടെയാണ് എയര്‍പോര്‍ട്ട് സമരം.
Other News in this category



4malayalees Recommends