എന്‍എച്ച്എസ് ഗെയിമിംഗ് ക്ലിനിക്കില്‍ ചികിത്സ തേടുന്നവരേറുന്നു;2021 ല്‍ നിന്നും 2022ലെത്തുമ്പോള്‍ ട്രീറ്റ്‌മെന്റിനെത്തിയവരില്‍ 50 ശതമാനത്തിലധികം പെരുപ്പം; ഓണ്‍ലൈനിലെ ട്രീറ്റ്‌മെന്റ് ഇംഗ്ലണ്ടിലെവിടെയും ലഭ്യം

എന്‍എച്ച്എസ് ഗെയിമിംഗ് ക്ലിനിക്കില്‍ ചികിത്സ തേടുന്നവരേറുന്നു;2021 ല്‍ നിന്നും 2022ലെത്തുമ്പോള്‍ ട്രീറ്റ്‌മെന്റിനെത്തിയവരില്‍ 50 ശതമാനത്തിലധികം പെരുപ്പം; ഓണ്‍ലൈനിലെ ട്രീറ്റ്‌മെന്റ് ഇംഗ്ലണ്ടിലെവിടെയും ലഭ്യം
കമ്പ്യൂട്ടര്‍-വീഡിയോ ഗെയിമുകള്‍ക്ക് അടിമകളായി ശാരീരികവും മാനസികവുമായ വിവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന നൂറ് കണക്കിന് പേരെ എന്‍എച്ച്എസ് നാഷണല്‍ സെന്റര്‍ ഫോര്‍ ഗെയിമിംഗ് ഡിസ്ഓര്‍ഡേര്‍സ് ചികിത്സിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. ഗെയിമുകള്‍ക്ക് അടിമകളായ നിരവധി കുട്ടികളും അവരുടെ കുടുംബാംഗങ്ങളും ഇവരില്‍ പെടുന്നു.ഇക്കഴിഞ്ഞ 28നാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. 2019 ഒക്ടോബറില്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം ലണ്ടനിലെ ഗെയിമിംഗ് ക്ലിനിക്കില്‍ 745 ഗെയിം അടിമകളാണ് ചികിത്സ തേടിയെത്തിയിരിക്കുന്നത്.

ഗെയിം കളിക്കുന്നതിനോടുള്ള അടിമത്വം ഒരു തരത്തിലും നിയന്ത്രിക്കാന്‍ സാധിക്കാത്തവരെയാണ് ഗെയിമിംഗ് ഡിസ് ഓര്‍ഡറുകളുള്ളവരായി കണക്കാക്കുന്നത്. ഇത്തരക്കാരില്‍ ചിലര്‍ ദിവസത്തില്‍ 14 മണിക്കൂറോ അതിലധികമോ സമയം തുടര്‍ച്ചയായി വീഡിയോ ഗെയിം കളിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരക്കാരില്‍ ചിലര്‍ ഈ അവസരത്തില്‍ ആക്രമണകാരികളായിത്തീരാറുമുണ്ട്. ഇവരില്‍ ചിലര്‍ സ്‌കൂളില്‍ പോകാനോ അല്ലെങ്കില്‍ ജോലിക്ക് പോകാനോ പോലും താല്‍പര്യം നശിച്ച് ഗെയിം കളിച്ചിരിക്കുന്നുണ്ട്.

ഇവര്‍ക്ക് കുടുംബ ബന്ധങ്ങളില്‍ പോലും താല്‍പര്യം ഇല്ലാത്ത അപകടകരമായ അവസ്ഥയും സംജാതമാകുന്നുണ്ട്. ഇവര്‍ ക്രമേണ എല്ലാ സാമൂഹ്യ ബന്ധങ്ങളില്‍ നിന്നും പിന്‍വാങ്ങി വീഡിയോ ഗെയിമില്‍ മാത്രം ശ്രദ്ധയൂന്നി ജീവിതം എരിച്ച് കളയുന്ന ദുരവസ്ഥയിലെത്തിച്ചേരുന്നുമുണ്ട്. ഇത്തരക്കാരെ ശാസ്ത്രീയമായ ചികിത്സയിലൂടെ ഗെയിം അടിമത്തത്തില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടു വരുകയെന്ന മഹത്തായ ലക്ഷ്യത്തോടെയാണ് യുകെയില്‍ ഗെയിമിംഗ് ക്ലിനിക്ക് തുടങ്ങിയത്.

2021 ല്‍ നിന്നും 2022ലെത്തുമ്പോള്‍ ഇത്തരത്തില്‍ ഗെയിം അഡിക്ഷന് ചികിത്സ തേടിയെത്തിയവരില്‍ 50 ശതമാനത്തിലധികം പെരുപ്പമാണുണ്ടായിരിക്കുന്നത്. ഇത്തരം ഡിസ്ഓര്‍ഡറുകള്‍ സഹിക്കുന്നവരും ഗെയിമര്‍മാരുടെ കുടുബാംഗങ്ങളുമായവര്‍ ചികിത്സ തേടുന്നതും ഇക്കാലത്തിനിടെ വര്‍ധിച്ചിരിക്കുന്നു. 2021നും 2022നുമിടയില്‍ ഇത്തരക്കാരില് 46 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, സൈക്കോ തെറാപ്പിസ്റ്റുകള്‍, ഫാമിലി തെറാപ്പിസ്റ്റുകള്‍ തുടങ്ങിയവരടക്കമുള്ള വിദഗ്ധ ടീമാണ് ഗെയിമിംഗ് ക്ലിനിക്കില്‍ ഗെയിമര്‍മാര്‍ക്ക് ചികിത്സയേകുന്നത്. 13 വയസും അതിന് മുകളിലും പ്രായമുള്ള ഗെയിമര്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇവിടെ ചികിത്സ നല്‍കി വരുന്നു.

എന്‍എച്ച്എസ് നാഷണല്‍ സെന്റര്‍ ഫോര്‍ ഗെയിമിംഗ് ഡിസ്ഓര്‍ഡേര്‍സ് ലണ്ടന്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഇംഗ്ലണ്ടിലുടനീളം ഏവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നതിനായി ട്രീറ്റ്‌മെന്റ് പ്രധാനമായും ഓണ്‍ലൈനിലാണ് നല്‍കി വരുന്നത്. ഇതിനാല്‍ രോഗികള്‍ക്ക് ട്രീറ്റ്‌മെന്റിനായി ലണ്ടനിലേക്ക് യാത്ര ചെയ്ത് വരേണ്ടതില്ല.ഗെയിം അടിമത്തത്തിന്റെ തോത് അനുസരിച്ച് ഓരോരുത്തര്‍ക്കും ആവശ്യമായ തോതിലുള്ള ചികിത്സയാണ് നല്‍കി വരുന്നത്.ഫാമിലി കണ്‍സള്‍ട്ടേഷന്‍സ്, വ്യക്തിപരമായതോ അല്ലെങ്കില്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ളതോ ആയ തെറാപ്പി, പാരന്റ് വര്‍ക്ക് ഷോപ്പുകള്‍, ഓണ്‍ഗോയിംഗ് പാരന്റ് സപ്പോര്‍ട്ട് ഗ്രൂപ്പ്‌സ് തെറാപ്പി, ഫാമിലി തെറാപ്പി തുടങ്ങിയ ട്രീറ്റ്‌മെന്റുകള്‍ ഇതില്‍ പെടുന്നു.


Other News in this category



4malayalees Recommends