ഒരു കുട്ടിക്കും സംഭവിക്കാന്‍ പാടില്ലാത്ത കാര്യം ; ആരാധ്യ ബച്ചന്റെ കേസില്‍ ഇടപെട്ട് ഹൈക്കോടതി

ഒരു കുട്ടിക്കും സംഭവിക്കാന്‍ പാടില്ലാത്ത കാര്യം ; ആരാധ്യ ബച്ചന്റെ കേസില്‍ ഇടപെട്ട് ഹൈക്കോടതി
താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകള്‍ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ കുടുംബം ഹൈക്കോടതിയില്‍ പോയത് വലിയ വാര്‍ത്തയായിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. കേസില്‍ ഇപ്പോള്‍ സുപ്രധാനമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ് ദില്ലി ഹൈക്കോടതി.

ആരാധ്യയുടെ ആരോഗ്യനിലയെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ഒരു യൂട്യൂബ് ചാനലിനെതിരെയാണ് കുടുംബം ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തന്നെക്കുറിച്ച് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയണമെന്നാണ് ആരാധ്യയുടെ ആവശ്യം. ബച്ചന്‍ കുടുംബത്തിന്റെ പ്രശസ്തിയില്‍ നിന്ന് നിയമവിരുദ്ധമായി ലാഭം നേടുക എന്നതാണ് പ്രതികളുടെ ഏക പ്രേരണയെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ആരാധ്യയുടെ ആരോഗ്യത്തെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച ഒമ്പത് യൂട്യൂബ് ചാനലുകളില്‍ നിന്നും മറ്റ് വെബ്‌സൈറ്റുകളില്‍ നിന്നുമുള്ള വീഡിയോകള്‍ നീക്കം ചെയ്യാന്‍ ഗൂഗിളിനോട് കേസ് പരിഗണിച്ച ജസ്റ്റിസ് സി ഹരി ശങ്കര്‍ ഉത്തരവിട്ടു. ഗൂഗിളിന്റെ പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ലോഡ് ചെയ്ത വീഡിയോകളില്‍ നിന്നും ലാഭം നേടുന്നതിനാല്‍ ഈ വീഡിയോകള്‍ അപ്ലോഡ് ചെയ്ത ഉത്തരവാദിത്വത്തില്‍ നിന്നും ഗൂഗിളിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്.

യൂട്യൂബ് ചാനലുകള്‍ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളും, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സമാനമായ ഉള്ളടക്കമുള്ള മറ്റ് വീഡിയോകളും ക്ലിപ്പുകളും തടയാന്‍ ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തോട് കോടതി നിര്‍ദ്ദേശിച്ചു.

'ഒരു സെലിബ്രിറ്റിയുടെയോ സാധാരണക്കാരന്റെയോ കുട്ടിയാണെങ്കിലും, ഓരോ കുട്ടിക്കും ബഹുമാനം ലഭിക്കാന്‍ അര്‍ഹതയുണ്ട്. കുട്ടിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തില്‍ അനുവദനീയമല്ല, ഒരു കുട്ടിക്കെതിരായ അത്തരം പെരുമാറ്റം അസഹനീയമാണ്' കോടതി പറഞ്ഞു.

Other News in this category



4malayalees Recommends