സര്‍ജറിക്കിടെ റോബോട്ട് പൊള്ളലേല്‍പ്പിച്ചെന്ന് ആരോപണം ; ഭാര്യയുടെ മരണത്തില്‍ നഷ്ടപരിഹാരം തേടി ഭര്‍ത്താവ്

സര്‍ജറിക്കിടെ റോബോട്ട് പൊള്ളലേല്‍പ്പിച്ചെന്ന് ആരോപണം ; ഭാര്യയുടെ മരണത്തില്‍ നഷ്ടപരിഹാരം തേടി ഭര്‍ത്താവ്
സര്‍ജറിക്കിടെ റോബോട്ട് അവയവത്തില്‍ ഗുരുതരമായി പൊള്ളലേല്‍പ്പിച്ചതിനെത്തുടര്‍ന്ന് ഭാര്യ മരിച്ചുവെന്നും 62 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് പരാതി നല്‍കി. യുഎസിലെ ഫ്‌ളോറിഡ സ്വദേശിയായ ഹാര്‍വി സുല്‍റ്റ്‌സര്‍ ആണ് മെഡിക്കല്‍ റോബോട്ടിനെതിരേ പരാതിയുമായി രംഗത്തെത്തിയത്. കുടലിലെ കാന്‍സര്‍ ബാധയെത്തുടര്‍ന്ന് നടത്തിയ സര്‍ജറിക്കിടെയാണ് ഇയാളുടെ ഭാര്യ സാന്ദ്ര സുല്‍റ്റ്‌സറിനെ റോബോട്ട് മാരകമായി മുറിവേല്‍പ്പിച്ചത്. ഇതിന് ശേഷം ഭാര്യയുടെ ആരോഗ്യനില വഷളായതായി ഹാര്‍വെ പരാതിയില്‍ പറയുന്നു. 2021 സെപ്റ്റംബറില്‍ ബാപ്റ്റിസ്റ്റ് ഹെല്‍ത്ത് ബൊക്കോ റാട്ടണ്‍ റീജിയണല്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു സര്‍ജറി. റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കുന്ന, ഡാവിഞ്ചി റോബോട്ട് ഉപയോഗിച്ചായിരുന്നു സര്‍ജറി. ഇന്ററ്റിയൂട്ടിവ് സര്‍ജിക്കല്‍ നിര്‍മിച്ച റോബോട്ട് ആണിതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.

മനുഷ്യന്റെ പരിധിക്കുമപ്പുറമുള്ള കൃത്യത ലഭിക്കുമെന്നും റോബോട്ട് ഉപയോഗിച്ച് സര്‍ജറി ചെയ്യുമ്പോള്‍ മനുഷ്യന്‍ സര്‍ജറി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മുറിവിനേക്കാള്‍ ചെറിയ മുറിവാണ് ഉണ്ടാകുകയെന്നും ഇത് സര്‍ജറി എളുപ്പമാക്കുമെന്നുമാണ് ഇത്തരം റോബോട്ടുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ അവകാശപ്പെടുന്നത്. എന്നാല്‍, സാന്ദ്രയുടെ കേസില്‍ ചെറുകുടലിലുണ്ടായിരുന്ന ഒരു മുറിവില്‍ റോബോട്ട് മാരകമായി പൊള്ളലേല്‍പ്പിക്കുകയും തുടര്‍ന്ന് അവരുടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും ചെയ്തു. ഇതിനെതുടര്‍ന്ന് സാന്ദ്രയ്ക്ക് വയറുവേദന അനുഭവപ്പെടുകയും 2022 ഫെബ്രുവരിയില്‍ മരണപ്പെടുന്നതുവരെ പനി ഉണ്ടായിരുന്നതുമായി പരാതിയില്‍ ആരോപിക്കുന്നു. സര്‍ജറിക്കിടെ സാന്ദ്രക്ക് സംഭവിച്ച പരിക്കുകളുടെ തുടര്‍ഫലമാണ് ഇതെന്നും പരാതിയില്‍ ഹാര്‍വെ ആരോപിച്ചു.

2009നും 2011നും ഇടയില്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) നടത്തിയ അന്വേഷണത്തില്‍ സര്‍ജറിക്കിടെ റോബോട്ട് വരുത്തുന്ന ധാരാളം പിഴവുകള്‍ കണ്ടെത്തിയിരുന്നു. രോഗികളുടെ അവയവത്തില്‍ റോബോട്ട് മാരകമായി പൊള്ളലേല്‍പ്പിക്കുന്ന സംഭവങ്ങളും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. റോബോട്ടിക് സര്‍ജറിക്കിടെ ഉണ്ടാകാനിടയുള്ള അപകടസാധ്യതയെക്കുറിച്ച് തങ്ങളോടോ പൊതുജനത്തെയോ അറിയിച്ചില്ലെന്നും ഹാര്‍വെ തന്റെ പരാതിയില്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends