ബംഗളൂരു കഫെ സ്‌ഫോടനം; അന്വേഷണത്തില്‍ വഴിത്തിരിവ്, മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

ബംഗളൂരു കഫെ സ്‌ഫോടനം; അന്വേഷണത്തില്‍ വഴിത്തിരിവ്, മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍
രാമേശ്വരം കഫേ സ്‌ഫോടനക്കേസ് അന്വേഷണത്തില്‍ ആദ്യ വഴിത്തിരിവ്. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന കര്‍ണ്ണാടക സ്വദേശി മുസമ്മില്‍ ഷെരീഫിനെ കസ്റ്റഡിയിലെടുത്തതായി എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളിലായി നടന്ന വ്യാപക തിരച്ചിലിന് ശേഷമാണ് പ്രതിയെ പിടികൂടാനായത്. മുസാവിര്‍ ഷസീബ് ഹുസൈന്‍, അബ്ദുള്‍ മത്തീന്‍ താഹ തുടങ്ങി മറ്റ് രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണെന്ന് അന്വേഷണ ഏജന്‍സി അറിയിച്ചു. മാര്‍ച്ച് മൂന്നിന് കേസ് ഏറ്റെടുത്ത എന്‍ഐഎ, സ്‌ഫോടനം നടത്തിയത് ഷസീബാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.

ഹസീബും താഹയും ശിവമോഗയിലെ തീര്‍ത്ഥഹള്ളി മേഖലയില്‍ 2016 ല്‍ ആരംഭിച്ച ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂളിന്റെ സ്ഥാപക അംഗങ്ങളാണെന്ന് പറയപ്പെടുന്നു. ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത ഐഎസ് റാഡിക്കലൈസേഷന്‍ കേസുമായി ബന്ധപ്പെട്ട് 2020 ജനുവരിയിലാണ് താഹ ആദ്യമായി അന്വേഷണ ഏജന്‍സികളുടെ കണ്ണില്‍പ്പെടുന്നത്. കര്‍ണ്ണാടക,ഉത്തര്‍പ്രദേശ്, തമിഴ്‌നാട് തുടങ്ങി സംസ്ഥാനങ്ങളിലാണ് രഹസ്യവിവരത്തെ തുടര്‍ന്ന് എന്‍ഐഎ തിരച്ചില്‍ നടത്തിയത്.

Other News in this category



4malayalees Recommends