ഭക്ഷണമുണ്ടാക്കിയത് ഇഷ്ടപ്പെട്ടില്ല; വയോധികയെ ക്രൂരമായി ആക്രമിച്ച് പേരമകനും ഭാര്യയും; മര്‍ദ്ദനത്തിന്റെ വീഡിയോ പുറത്ത്

ഭക്ഷണമുണ്ടാക്കിയത് ഇഷ്ടപ്പെട്ടില്ല; വയോധികയെ ക്രൂരമായി ആക്രമിച്ച് പേരമകനും ഭാര്യയും; മര്‍ദ്ദനത്തിന്റെ വീഡിയോ പുറത്ത്
വയോധികയുണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്ന് ആരോപിച്ച് പേരമകനും ഭാര്യയും ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഭോപ്പാല്‍ സ്വദേശിയായ 70കാരിയെയാണ് പേരമകനും ഇയാളുടെ ഭാര്യയും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കേസെടുത്ത പോലീസ് പ്രതികളായ ദീപക് സെന്‍, ഭാര്യ പൂജ സെന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

സലൂണ്‍ ഉടമയായ ദീപക്ക് സെന്നും കുടുംബവും ഭോപ്പാലിലെ ജഹാംഗിറാബാദിലാണ് താമസം.കഴിഞ്ഞദിവസമാണ് ദീപക്കും ഭാര്യയും ചേര്‍ന്ന് ഇവരുടെ വയോധികയായ മുത്തശ്ശിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. പ്രായമായ മുത്തശ്ശിയും ഇവരുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പലപ്പോഴും ദമ്പതിമാര്‍ മുത്തശ്ശിയെ മര്‍ദിക്കാറുണ്ടെന്നാണ് അയല്‍ക്കാര്‍ പറയുന്നത്.

കഴിഞ്ഞദിവസം വയോധികയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അയല്‍ക്കാരിലൊരാള്‍ രഹസ്യമായി ഫോണില്‍ പകര്‍ത്തുകയും വീഡിയോ പുറത്തുവിടുകയുമായിരുന്നു. വയോധികയായ ഇവരെ തറയില്‍ ഇരുത്തി പേരമകനും ഇയാളുടെ ഭാര്യയും നിരന്തരം മര്‍ദിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.

പേരമകന്റെ ഭാര്യ കട്ടിലില്‍ ഇരുന്നുകൊണ്ടാണ് വടി ഉപായോഗിച്ച് മുത്തശ്ശിയെ മര്‍ദിച്ചത്. നിരന്തരം വടി കൊണ്ട് അടിക്കുകയും കുത്തുകയും ചെയ്ത യുവതി, മുത്തശ്ശിയുടെ കൈപിടിച്ച് തിരിക്കുന്നതും വീഡിയോയില്‍ കാണാം. ഇതേസമയം, ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ പേരമകന്‍ മുത്തശ്ശിയുടെ വായ പൊത്തിപിടിച്ചിരിക്കുകയാണ്.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദമ്പതിമാര്‍ ഭോപ്പാലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഝാന്‍സിയിലേക്കുള്ള യാത്രാമധ്യേ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Other News in this category



4malayalees Recommends