പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സിപിഐഎം നേതാക്കള്‍ സന്ദര്‍ശിച്ചത് ആദ്യം നിഷേധിച്ച് പി ജയരാജന്‍, പോയെങ്കില്‍ മഹാഅപരാധമല്ല, വിലക്കിയിട്ടില്ലെന്ന് ന്യായം

പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സിപിഐഎം നേതാക്കള്‍ സന്ദര്‍ശിച്ചത്  ആദ്യം നിഷേധിച്ച് പി ജയരാജന്‍, പോയെങ്കില്‍ മഹാഅപരാധമല്ല, വിലക്കിയിട്ടില്ലെന്ന് ന്യായം
പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സിപിഐഎം നേതാക്കള്‍ സന്ദര്‍ശിച്ചത് നിഷേധിച്ചും ന്യായീകരിച്ചും മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍. പാര്‍ട്ടിയുടെ ഉത്തരവാദിത്തത്തിലുള്ള ഒരു നേതാവും ഷെറിഫിന്റെ വീട്ടില്‍ പോയിട്ടില്ലെന്ന് പറഞ്ഞ പി ജയരാജന്‍, പിന്നീട് കുടുംബവുമായി ബന്ധമുള്ള ആരെങ്കിലും പോയെങ്കില്‍ മഹാഅപരാധമായി കാണേണ്ടതില്ലെന്നും അത്തരമൊരു വിലക്ക് പാര്‍ട്ടി ആര്‍ക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു.

'മരിച്ച യുവാവിന്റെ ബന്ധുക്കള്‍ ആരെങ്കിലും പോയിട്ടുണ്ടാവും. പാര്‍ട്ടിയുടെ ഉത്തരവാദിത്തത്തിലുള്ള ഒരു നേതാവും അവിടെ പോയിട്ടില്ലായെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും. കാരണം, ആ പ്രദേശത്ത് ഞാന്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് ഇത്തരമൊരു വാര്‍ത്ത കേട്ടത്. ആ സാഹചര്യത്തില്‍ എനിക്ക് ഉറപ്പിച്ചു പറയാനാകും' പി ജയരാജന്‍ പറഞ്ഞു.

എന്നാല്‍ സിപിഐഎം പാനൂര്‍ ഏരിയാകമ്മിറ്റി അംഗം സുധീര്‍ കുമാറും പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ അശോകനും ഷറീഫിന്റെ വീട് സന്ദര്‍ശിച്ചെന്ന് വീഡിയോ സഹിതം കാണിച്ചതോടെയാണ് 'മരിച്ച വീട്ടില്‍ ആരെങ്കിലും പോകുന്നത് എന്തിനാണ് ഇങ്ങനെ ചര്‍ച്ചയാക്കുന്നത്, പാര്‍ട്ടി ആര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ശവസംസ്‌കാര ചടങ്ങില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുത്തിട്ടില്ലായെന്നത് ഉറപ്പാണ്' എന്ന് പി ജയരാജന്‍ പ്രതികരിച്ചത്.

'പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കളൊന്നും ആ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിട്ടില്ലായെന്ന കാര്യമാണ് ഞാന്‍ പറഞ്ഞത്. പക്ഷെ, ഒരു മരണ വീട്ടില്‍ ബന്ധുക്കളുടെ സുഹൃത്തുക്കളോ പരിചയക്കാരോ പോകുന്നതില്‍ പാര്‍ട്ടി വിലക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. മരിച്ച വീട്ടില്‍ ആരെങ്കിലും പോകുന്നത് എന്തിനാണ് ഇങ്ങനെ ചര്‍ച്ചയാക്കുന്നത്. മനുഷ്യരുടെ പാര്‍ട്ടിയാണ്. നിര്‍ഭാഗ്യകരമായ സംഭവമാണ് പാനൂരില്‍ നടന്നത്. പാര്‍ട്ടിക്ക് അതുമായി ബന്ധമില്ല. പരിക്കേറ്റവരെയൊക്കെ മുമ്പ് പാര്‍ട്ടി തള്ളിപ്പറഞ്ഞതാണ്. എന്നാല്‍ അവര്‍ക്ക് ബന്ധുക്കളുണ്ട്. അച്ഛനും അമ്മയും ഉണ്ട്. അവരുമായി പരിചയമുള്ള ആരെങ്കിലും മരിച്ച വീട്ടില്‍ പോയെങ്കില്‍ മഹാഅപരാധമായി ചിത്രീകരിക്കേണ്ടതില്ല. പാര്‍ട്ടി പാനൂര്‍ ഏരിയയിലെ പ്രമുഖര്‍ പോയിട്ടില്ലായെന്നാണ് മനസ്സിലാക്കുന്നത്. ബന്ധുത്വത്തിന്റെ അടിസ്ഥാനത്തില്‍ ആരെങ്കിലും പോയെങ്കില്‍ ഞങ്ങള്‍ ആരെയും വിലക്കിയിട്ടില്ലായെന്നാണ് പറയാനുള്ളത്. സിപിഐഎം പ്രവര്‍ത്തകരാണ് മരിച്ചതെങ്കില്‍ സിപിഐഎമ്മിനായി റീത്ത് സമര്‍പ്പിക്കും. അങ്ങനെയൊന്നും അവിടെ ഉണ്ടായിട്ടില്ലല്ലോ. ആദരാഞ്ജലി അര്‍പ്പിച്ച് മുദ്രാവാക്യം വിളിക്കും. അതും ഉണ്ടായിട്ടില്ല. അപ്പോള്‍ എന്തും ആയുധമാക്കി സിപിഐഎമ്മിനെ കടന്നാക്രമിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണിത്.' പി ജയരാജന്‍ പറഞ്ഞു.

Other News in this category



4malayalees Recommends