സാധാരണ പലസ്തീന്‍കാര്‍ തട്ടിക്കൊണ്ട് പോയെന്ന് ഇസ്രയേലി നഴ്‌സ്; ഭീകരാക്രമണത്തില്‍ ഭീകരര്‍ക്ക് കൂട്ടുനിന്ന ജനങ്ങള്‍ തന്നെ ഹമാസിന് വിറ്റു; മുറി അറബിയില്‍ നഴ്‌സാണെന്ന് അറിയിച്ചതോടെ മുറിവേറ്റ ബന്ദികള്‍ക്ക് മെഡിക്കല്‍ പരിചരണം നല്‍കി

സാധാരണ പലസ്തീന്‍കാര്‍ തട്ടിക്കൊണ്ട് പോയെന്ന് ഇസ്രയേലി നഴ്‌സ്; ഭീകരാക്രമണത്തില്‍ ഭീകരര്‍ക്ക് കൂട്ടുനിന്ന ജനങ്ങള്‍ തന്നെ ഹമാസിന് വിറ്റു; മുറി അറബിയില്‍ നഴ്‌സാണെന്ന് അറിയിച്ചതോടെ മുറിവേറ്റ ബന്ദികള്‍ക്ക് മെഡിക്കല്‍ പരിചരണം നല്‍കി
ഒക്ടോബര്‍ 7-ന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണത്തില്‍ പലസ്തീനിലെ സാധാരണ ജനങ്ങളും ഒപ്പമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. സാധാരണക്കാരായ ജനങ്ങള്‍ തട്ടിക്കൊണ്ട് പോയ ഇസ്രയേലി നഴ്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. തന്നെ ഇവര്‍ ഹമാസിന് വില്‍ക്കുകയാണ് ചെയ്തതെന്നും നഴ്‌സ് വെളിപ്പെടുത്തി.

ആറ് മാസം മുന്‍പാണ് കിബുട്‌സ് നിര്‍ ഓസില്‍ ഹമാസ് നടത്തിയ അക്രമണത്തിനിടെ 42-കാരി നിലി മാര്‍ഗാലിറ്റിനെ തട്ടിക്കൊണ്ട് പോയത്. 1200-ലേറെ പേര്‍ കൊല്ലപ്പെടുകയും, 250 ഇസ്രയേലി, വിദേശ ബന്ദികളെ കടത്തിക്കൊണ്ട് പോകുകയും ചെയ്തിരുന്നു. നവംബറില്‍ ഇസ്രയേല്‍-ഹമാസ് കരാറിന്റെ ഭാഗമായാണ് ഇവരെ തിരിച്ചയച്ചത്. ഏകദേശം 90 പേരെയാണ് ഹമാസ് തിരികെ വിട്ടയച്ചത്.

തന്റെ വീട്ടില്‍ കടന്നുകയറിയാണ് ആളുകള്‍ തട്ടിക്കൊണ്ട് പോയതെന്ന് ഇസ്രയേലി നഴ്‌സ് ഫ്രഞ്ച് പ്രസിദ്ധീകരണമായ ലെ പോയിന്റിനോട് പറഞ്ഞു. വീടിന് തീവ്രവാദികള്‍ തീകൊളുത്തി. വീട്ടിലെ ബോംബ് ഷെല്‍റ്ററില്‍ അഭയം തേടിയെങ്കിലും വാതില്‍ അടച്ചിരുന്നില്ല. ഇവിടെ നിന്നും തന്നെ പിടിച്ചുകൊണ്ടുപോയി ഖാന്‍ യൂനിസില്‍ എത്തിക്കുകയായിരുന്നു.

സൗത്ത് ഗാസയിലെ ഈ നഗരത്തില്‍ എത്തിക്കുമ്പോള്‍ ജനക്കൂട്ടം ആര്‍ത്ത് വിളിക്കുന്നുണ്ടായെന്ന് മാര്‍ഗലിറ്റ് സ്മരിക്കുന്നു. 'എന്നെ പിടിച്ചത് സാധാരണക്കാരാണ്. അവര്‍ ഹമാസുമായി വിലപേശി. പണം ലഭിച്ചപ്പോള്‍ വിട്ടുനല്‍കിയ ശേഷം ഒരു ടണലിലേക്ക് മാറ്റി', നഴ്‌സ് വ്യക്തമാക്കി.

മാര്‍ഗലിറ്റിന്റെ സഹോദരനെ തീവ്രവാദികള്‍ കൊലപ്പെടുത്തി. സമാധാന കരാറില്‍ ഏര്‍പ്പെട്ടെങ്കില്‍ ഈ മരണം ഒഴിവാക്കാമായിരുന്നുവെന്ന് നഴ്‌സ് ചൂണ്ടിക്കാണിക്കുന്നു. ഇസ്രയേല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ കരങ്ങളിലാണ് ചോര പുരണ്ടിരിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.

Other News in this category



4malayalees Recommends