പാലെന്ന പേരില്‍ കൊക്കെയിന്‍ കടത്ത്; കൊളംബിയയില്‍ നിന്നും ലണ്ടനിലേക്ക് വിമാനത്തില്‍ പറക്കാന്‍ ശ്രമിക്കവെ 25-കാരനായ ബ്രിട്ടീഷ് വിദ്യാര്‍ത്ഥി അറസ്റ്റിലായി; അന്താരാഷ്ട്ര കണ്ണിയുടെ ഭാഗമെന്ന് സംശയിച്ച് പോലീസ്

പാലെന്ന പേരില്‍ കൊക്കെയിന്‍ കടത്ത്; കൊളംബിയയില്‍ നിന്നും ലണ്ടനിലേക്ക് വിമാനത്തില്‍ പറക്കാന്‍ ശ്രമിക്കവെ 25-കാരനായ ബ്രിട്ടീഷ് വിദ്യാര്‍ത്ഥി അറസ്റ്റിലായി; അന്താരാഷ്ട്ര കണ്ണിയുടെ ഭാഗമെന്ന് സംശയിച്ച് പോലീസ്
പാല്‍ പൊടിയെന്ന പേരില്‍ തികച്ചും നിരുപദ്രവപരമായി നാല് പാക്കറ്റും ബാഗിലാക്കി വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് വിദ്യാര്‍ത്ഥിയെ കുരുക്കി പരിശോധന. കൊളംബിയയില്‍ നിന്നും ലണ്ടനിലേക്ക് വിമാനത്തില്‍ കയറാനെത്തിയ 25-കാരന്റെ കൈയിലുണ്ടായിരുന്ന പാല്‍ പരിശോധിച്ചപ്പോള്‍ അസല്‍ കൊക്കെയിന്‍ ആണെന്ന് തിരിച്ചറിയുകയായിരുന്നു.

കൊക്കെയിന്‍ കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച കുറ്റത്തിനാണ് 25-കാരന്‍ ഫഹദ് ഉദ്ദീന്‍ അഹമ്മദ് പിടിയിലായിരിക്കുന്നത്. മയക്കുമരുന്ന് മാഫിയകളുടെ പ്രവര്‍ത്തനത്തിന് പേരുകേട്ട കാലി നഗരത്തിന് സമീപമുള്ള അല്‍ഫോണ്‍സോ ബോണിലാ അരാഗോണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ലണ്ടനിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാന്‍ എത്തിയപ്പോഴാണ് അഹമ്മദിനെ തടഞ്ഞത്.

പൊടി രൂപത്തിലാക്കിയ പാല്‍ പാക്കറ്റുകള്‍ കൈയിലുള്ള ബാഗേജിലാണ് ഇയാള്‍ കരുതിയിരുന്നത്. പാക്കറ്റ് തുറന്ന ഓഫീസര്‍മാര്‍ വിമാനത്താവളത്തില്‍ വെച്ച് തന്നെ മയക്കുമരുന്ന് കളര്‍ പരിശോധന നടത്തിയതോടെയാണ് പാക്കറ്റുകളില്‍ ഉള്ളത് പാല്‍പ്പൊടിയല്ല, യഥാര്‍ത്ഥ അനധികൃത ക്ലാസ് എ മയക്കുമരുന്ന് തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

കൊളംബിയന്‍ പോലീസ് പിടികൂടിയ ബ്രിട്ടീഷ് വിദ്യാര്‍ത്ഥിയെ തടവുകാരനായി ജയിലിലേക്ക് മാറ്റി. ജര്‍മ്മന്‍ നഗരമായ ഫ്രാങ്ക്ഫര്‍ട്ട് വഴിയുള്ള കണക്ഷന്‍ വിമാനത്തില്‍ കയറി ലണ്ടനിലേക്ക് പറക്കാനാണ് യുവാവ് ശ്രമിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് പാക്കറ്റുകള്‍ നിറയെ കൊക്കെയിന്‍ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

10,000 ഡോസ് മയക്കുമരുന്നാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. അറസ്റ്റിലായ വ്യക്തി ബ്രിട്ടീഷുകാരനാണെന്ന് പോലീസ് പറഞ്ഞു. കൊളംബിയന്‍ നിയമപ്രകാരം 10 മുതല്‍ 28 ഗ്രാം വരെ കൊക്കെയിന്‍ കൈയിലുണ്ടെങ്കില്‍ കള്ളക്കടത്തായി കണ്ട്, 10 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാം.

Other News in this category



4malayalees Recommends