സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം ഉജ്വലമായി

സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം ഉജ്വലമായി
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ 2019ലെ പ്രവര്‍ത്തനോദ്ഘാടനം ഉജ്വമായി നടന്നു. പ്രസിഡന്റ് തോമസ് തോമസ് പാലത്തറയുടെ അധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടന സമ്മേളനത്തില്‍ ദേശീയ നേതാക്കള്‍, മതസാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാര്‍ എന്നിവരുടെ സാന്നിധ്യവും വന്‍ ബഹുജന പങ്കാളിത്തവും ചടങ്ങ് വന്‍ വിജയമാക്കി.


ട്രഷറര്‍ റെജി വര്‍ഗീസിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങില്‍ സെക്രട്ടറി റീനാ സാബു അവതാരകയായിരുന്നു. ഫൊക്കാന നേതാക്കളായ പോള്‍ കറുകപ്പള്ളില്‍, പിന്റോ കണ്ണമ്പള്ളില്‍, ഫോമ നേതാക്കളായ ജോസ് ഏബ്രഹാം (നാഷണല്‍ ജനറല്‍ സെക്രട്ടറി), ഷാജി എഡ്വേര്‍ഡ് (മുന്‍ ട്രഷറര്‍, സെക്രട്ടറി) എന്നിവര്‍ പങ്കെടുത്ത് ആശംസാ സന്ദേശം നല്‍കി. അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരനും പ്രമുഖ സാമൂഹ്യസാംസ്‌കാരിക നേതാവും എഴുത്തുകാരനുമായ ആന്‍ഡ്രൂ പാപ്പച്ചനായിരുന്നു മുഖ്യാതിഥി. വളരുന്ന തലമുറയ്ക്ക് വഴികാട്ടിയാകാന്‍ കഴിയുന്ന മാതൃകാ സംഘടനയായി വളരുവാന്‍ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് കഴിയട്ടെ എന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ആശംസിച്ചു.


എം.എ.എസ്.ഐ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വര്‍ണ്ണവൈവിധ്യമാര്‍ന്ന നൃത്തനൃത്ത്യങ്ങള്‍ ചടങ്ങിനു ചാരുതയേകി. പ്രമുഖ നൃത്താധ്യാപികയായ ബിന്ധ്യാ ശബരിയെ ചടങ്ങില്‍ ആദരിച്ചു. ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതിക്ക് ചടങ്ങില്‍ ആരംഭം കുറിക്കുകയുണ്ടായി. ഡിന്നറോടെ സമാപിച്ച പരിപാടിയില്‍ സ്റ്റാറ്റന്‍ഐലന്റിലെ മലയാളി സമൂഹം ഒന്നാകെ പങ്കെടുത്തു.

ബിജു ചെറിയാന്‍ അറിയിച്ചതാണിത്.



Other News in this category



4malayalees Recommends