ബ്രിട്ടന്റെയും, അയര്‍ലണ്ടിന്റെയും ഭാവി ദേശീയ താരങ്ങളാവാന്‍ മലയാളികള്‍; അണ്ടര്‍ 13 ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചാംപ്യന്‍ഷിപ്പുകള്‍ തുത്തുവാരി

ബ്രിട്ടന്റെയും, അയര്‍ലണ്ടിന്റെയും ഭാവി ദേശീയ താരങ്ങളാവാന്‍ മലയാളികള്‍;  അണ്ടര്‍ 13 ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചാംപ്യന്‍ഷിപ്പുകള്‍ തുത്തുവാരി
മില്‍ട്ടണ്‍കെയ്‌സ് : മില്‍ട്ടണ്‍കെയ്‌സില്‍ വെച്ച് പതിമൂന്നു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കായി നടത്തപ്പെട്ട ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണ്ണമെന്റില്‍ കിരീടങ്ങള്‍ തൂത്തുവാരി മലയാളി കുട്ടികളുടെ മിന്നുന്ന പ്രകടനം. പ്രായാടിസ്ഥാനത്തില്‍ 13 വയസ്സിനു താഴെ ആര്‍ക്കും മത്സരിക്കാവുന്ന രാജ്യാന്തര ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ് ടൂര്ണമെന്റായിരുന്നു മില്‍ട്ടണ്‍ കെയ്‌സില്‍ അരങ്ങേറിയത്.


മലയാളി താരവും ബ്രിട്ടന്റെ ഒളിമ്പ്യനുമായിരുന്ന രാജീവ് ഔസേഫിന്റെ പിന്‍ഗാമികളായി ഈ കുരുന്നുകള്‍ ബ്രിട്ടനെയും അയര്‍ലണ്ടിനെയും പ്രതിനിധീകരിക്കുകയും അവിടുത്തെ ദേശീയ പതാകകള്‍ ഏന്തുന്ന കാലവും അതിവിദൂരമല്ല എന്നാണ് മില്‍ട്ടണ്‍ കെയ്‌സിലെ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണ്ണമെന്റ് അടിവരയിട്ടു വെളിപ്പെടുത്തുന്നത്. കായിക മികവിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും പ്രതിഭകളായവരെ രണ്ടു കാറ്റഗറികളാക്കി ഗോള്‍ഡ് സ്റ്റാര്‍, ഗോള്‍ഡ് എന്നീ ഗ്രൂപ്പുകളാക്കി മത്സര യോഗ്യത നേടിയവര്‍ മാത്രം മാറ്റുരക്കുന്ന വേദിയാണിത്.


ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സിങ്കിള്‍സിലും, ഡബിള്‍സിലും, മിക്‌സഡ് ഡബിള്‍സിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിക്കൊണ്ട് മറ്റുള്ളവരെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് മിടുമിടുക്കരായ മലയാളി കുട്ടികള്‍ പുറത്തെടുത്തത്.


മലയാളികളുടെ കായികക്ഷമതയുടെയും, മത്സരവേദികളിലെ മാനസിക പിരിമുറുക്കത്തിന്റെയും, റഫറിയിങ്ങിലെ തിരിവുകളെപ്പറ്റിയും വായ് തോരാതെ തോല്‍വിയെ വിലയിരുത്തി സമാശ്വാസം ഉരുത്തിരിഞ്ഞെടുക്കുന്നവര്‍ക്കുള്ള മറുപടികൂടിയാണ് പുതുതലമുറ മത്സരത്തിനുടനീളം വളരെ കൂളായി പുറത്തെടുത്തത് എന്നത് ശ്രദ്ധേയമാണ്. വിദ്യാഭ്യാസ മേഖലകളിലും, രാഷ്ട്രീയ രംഗങ്ങളിലും മലയാളികള്‍ ഉന്നത സ്ഥാനങ്ങളില്‍ കയറിപ്പയറ്റുമ്പോളുംകായിക രംഗം മലയാളികള്‍ക്ക് അപ്രാപ്യമാണെന്ന തോന്നലാണ് ഇവിടെ പൊളിച്ചെഴുതപ്പെടുക.


മില്‍ട്ടണ്‍ കെയ്‌സില്‍ താമസിക്കുന്ന സുജിത് മഠത്തില്‍പറമ്പത്ത്, പൂജാ സുജിത് എന്നിവരുടെ മകനും യു കെ ഒന്നാം നമ്പര്‍ താരവുമായ ആരവ് സുജിത് സിംഗിള്‍സ് കിരീടവും (ഗോള്‍ഡ് സ്റ്റാര്‍) ഡബിള്‍സില്‍സില്‍ രണ്ടാം സ്ഥാനവും നേടി ടൂര്‍ണമെന്റിലെ ഏറെ ശ്രദ്ധനേടിയ താരമായി.


അയര്‍ലണ്ടിലെ ഒന്നാം നമ്പര്‍ താരവും, ഡബ്ലിനില്‍ താമസിക്കുന്ന ബിനോയ് ജോയ്, ലിന്റാമോള്‍ ജോയ് എന്നിവരുടെ മകളുമായ നിക്കോളെ ജോയ് സിംഗിള്‍സില്‍ (ഗോള്‍ഡ് സ്റ്റാര്‍) ഒന്നാം സ്ഥാനവും, ഡബിള്‍സിലും കിരീടവും കരസ്ഥമാക്കി ചാമ്പ്യന്‍ഷിപ്പിലെ റാണിയായാണ് വേദി വിട്ടത്. അയര്‍ലണ്ടിലെ കായിക ലോകം ഉറ്റുനോക്കുന്ന ഭാവി വാഗ്ദാനമാണ് നിക്കോളെ ജോയ്.


ലണ്ടനില്‍ നിന്നുമുള്ള അന്ന കളത്തില്‍ ജോര്‍ജ്ജ് പെണ്‍കുട്ടികളുടെ സിംഗിള്‍സ് ഇനത്തില്‍ (ഗോള്‍ഡ്) ഒന്നാം സ്ഥാനം നേടി. ജോര്‍ജ്ജ് കളത്തില്‍, ബിബു ജോര്‍ജ്ജ് എന്നിവരുടെ മകളും യു കെ യില്‍ പത്താം നമ്പര്‍ താരവുമായ അന്ന, നിക്കോളെയുമായി ചേര്‍ന്ന് ഡബിള്‍സില്‍സില്‍ ഒന്നാം സ്ഥാനവും കൂടി നേടിക്കൊണ്ടു മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.


മിക്‌സഡ് ഡബിള്‍!സില്‍ രണ്ടാം സ്ഥാനം നേടികൊണ്ടു യു കെ ആറാം നമ്പര്‍ താരമായ അനീഷ് നായര്‍ മലയാളികളുടെ വിജയങ്ങളില്‍ തന്റേതായ വ്യക്തി മുദ്ര ചേര്‍ത്തുവെക്കുകയായിരുന്നു. മില്‍ട്ടണ്‍ കെയ്‌സില്‍ നിന്നുള്ള ബ്രിജേഷ് നായര്‍, യാസ്മി നായര്‍ എന്നിവരുടെ പുത്രനാണ് അനീഷ്.


അനീഷ് നായരുടെ സഹോദരി അശ്വതി നായരും പ്രശസ്ത ബാഡ്മിന്റണ്‍ താരമാണ്. അണ്ടര്‍ 17 കാറ്റഗറിയില്‍ യു കെ യില്‍ ഒന്നാം റാങ്കുള്ള അശ്വതി 2020 ഫെബ്രുവരി 1 ന് വിന്‍ചെസ്റ്ററില്‍ നടന്ന ബാഡ്മിന്റണ്‍ ഇംഗ്ലണ്ട് നാഷണല്‍സില്‍ അണ്ടര്‍ 19 മത്സരത്തില്‍ നാലാം റാങ്കിലുള്ള താരത്തോട് തോറ്റെങ്കിലും വെങ്കല മെഡല്‍ നേടിയിരുന്നു. അശ്വതി തന്റെ പതിനഞ്ചാം വയസ്സിലാണ് അണ്ടര്‍ 19 ല്‍ എട്ടാം റാങ്കും, മെഡലും നേടുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്.


ലണ്ടനില്‍ നിന്നുള്ള ജോയല്‍ ജോബി, ബോയ്‌സ് സിംഗ്ള്‍സില്‍ (ഗോള്‍ഡ്) ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു. ജോബി മാത്യു സിനി തോമസ് എന്നിവരുടെ മകനും പതിമൂന്നാം റാങ്കുകാരനുമാണ് നിലവില്‍ കായിക ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജോയല്‍.


സ്റ്റീവനേജില്‍ നിന്നുള്ള ജെഫ് അനി ജോസഫ് (യു കെ യില്‍ പതിനഞ്ചാം നമ്പര്‍) ബോയ്‌സ് സിംഗിള്‍സില്‍ (ഗോള്‍ഡ്) രണ്ടാം സ്ഥാനം നേടി. സ്റ്റീവനേജില്‍ കായിക രംഗങ്ങളില്‍ നിറസാന്നിദ്ധ്യമായ അനി ജോസഫിന്റെയും, ഗായികയും കലാരംഗത്ത് പ്രശോഭിക്കുന്ന ജീന മാത്യുവിന്റെയും പുത്രനാണ് ജെഫ്. ജെഫ് തന്റെ പഠനേതര സമയം ബാഡ്മിന്റനായാണ് മാറ്റിവെച്ചിരിക്കുന്നത്.


പ്രവാസി മലയാളികളുടെ അഭിമാനങ്ങളായ ഈ ഭാവി വാഗ്ദാനങ്ങള്‍ ബാഡ്മിന്റണ്‍ ലോകത്തെ പ്രചോദനമായും, അധിപരായും ഉയരങ്ങളില്‍ പറക്കുവാന്‍ ഇടവരട്ടെയെന്നാശംസിക്കാം.



Other News in this category



4malayalees Recommends