നിയമം ലംഘിച്ചവര്‍ക്കുള്ള ഒമാന്റെ പൊതു മാപ്പ് മാര്‍ച്ച് 31 വരെ

നിയമം ലംഘിച്ചവര്‍ക്കുള്ള ഒമാന്റെ പൊതു മാപ്പ് മാര്‍ച്ച് 31 വരെ
തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച് ഒമാനില്‍ കഴിയുന്നവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. മാര്‍ച്ച് 31ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സാധാരണ രീതിയിലായിരിക്കും പരിഗണിക്കുകയെന്നും നിയമലംഘകര്‍ പിഴയൊടുക്കേണ്ടിവരുമെന്നും തൊഴില്‍ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇത് പിന്നീട് മാര്‍ച്ച് 31 വരെ നീട്ടുകയായിരുന്നു. പദ്ധതിയുടെ ആനുകൂല്യം ഉപയോഗപ്പെടുത്തി രാജ്യം വിടാന്‍ ഇതുവരെ 65173 പേരാണ് രജിസ്റ്റര്‍ ചെയ്തതെന്ന് തൊഴില്‍ വകുപ്പ് അറിയിച്ചു. ഇതില്‍ 46355 പേര്‍ ഇതിനകം രാജ്യം വിട്ടുകഴിഞ്ഞു. മാര്‍ച്ച് 31 വരെയുള്ള അധിക സമയത്ത് അപേക്ഷിച്ച് അനുമതി ലഭിച്ചവര്‍ ജൂണ്‍ 30നകം രാജ്യം വിടുകയും വേണം.

മാനവ വിഭവശേഷി മന്ത്രാലയം വെബ്‌സൈറ്റില്‍ സനദ് സെന്റുകള്‍ വഴിയോ സാമുഹിക പ്രവര്‍ത്തകര്‍ വഴിയോ രജിസ്റ്റര്‍ ചെയ്യുന്നതാണ് ആദ്യത്തെ ഘട്ടം. ഏഴ് ദിവസത്തിന് ശേഷം മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് ലഭിക്കും. ഈ ക്ലിയറന്‍സ് ഉപയോഗിച്ച് പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ടിക്കറ്റെടുത്ത് പി.സി.ആര്‍ ടെസ്റ്റ് നടത്തി രാജ്യം വിടാവുന്നതാണ്. പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് അതാത് എംബസികള്‍ ഔട്ട് പാസും നല്‍കും.

Other News in this category



4malayalees Recommends