പെര്‍ത്തിലെ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ മലയാളി പെണ്‍കുട്ടി മരിച്ച സംഭവം;ജീവനക്കാരെ ബലിയാടാക്കരുതെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നില്‍ റാലി; ഏഴുവയസുകാരിക്ക് ചികിത്സ ലഭിക്കാതെ പോയതിന് ഉത്തരവാദി ഗവണ്‍മെന്റെന്ന് വിമര്‍ശനം

പെര്‍ത്തിലെ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ  മലയാളി പെണ്‍കുട്ടി മരിച്ച സംഭവം;ജീവനക്കാരെ ബലിയാടാക്കരുതെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നില്‍ റാലി; ഏഴുവയസുകാരിക്ക് ചികിത്സ ലഭിക്കാതെ പോയതിന് ഉത്തരവാദി ഗവണ്‍മെന്റെന്ന് വിമര്‍ശനം

മലയാളി പെണ്‍കുട്ടിയും ഏഴ് വയസുകാരിയുമായ ഐശ്വര്യ പെര്‍ത്തിലെ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ മരിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്. സംഭവത്തില്‍ ആശുപത്രി ജീവനക്കാരെ ബലിയാടുകളാക്കരുതെന്നും മറിച്ച് പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദി സര്‍ക്കാരാണെന്നുമാണ് വിവധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ ആരോപിച്ചിരിക്കുന്നത്. ഓസ്ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഓസ്ട്രേലിയന്‍ നഴ്സിംഗ് ഫെഡറേഷന്‍, ആരോഗ്യ പ്രവര്‍ത്തകരുടെ യൂണിയന്‍ എന്നിവയാണ് പ്രതിഷേധ റാലിക്ക് നേതൃത്വം കൊടുത്തിരിക്കുന്നത്.


കൃത്യസമയത്ത് ട്രീറ്റ്‌മെന്റ് ലഭിക്കാതെ ഐശ്വര്യയുടെ ജീവന്‍ നഷ്ടമായതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനും ആശുപത്രിയുടെ എക്‌സിക്യൂട്ടീവ് ടീമിനുമാണെന്നും, സംഭവത്തില്‍ ആശുപത്രി സ്റ്റാഫിനെ ബലിയാടാക്കി കൈകഴുകരുതെന്നുമാണ് റാലിയില്‍ ഭാഗഭാക്കായവര്‍ ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്. പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയുടെ മുന്‍പില്‍ ചൊവ്വാഴ്ച നടന്ന റാലിയില്‍ നൂറുകണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് അണി നിരന്നത്.

പെണ്‍കുട്ടിക്ക് അത്യാഹിതം നേരിട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റല്‍ ജീവനക്കാര്‍ അന്വേഷണത്തിന് വിധേയരാവുന്നുവെന്നും, ജീവനക്കാരെ വ്യക്തിപരമായി കുറ്റപ്പെടുത്തരുതെന്നും ഇവര്‍ ആരോപിച്ചു. 'We care about Aiswarya', 'Our emergency departments are sick' തുടങ്ങിയ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു റാലി കൊഴുത്തത്. ഇതിന് പുറമെ വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ ആശുപത്രി സംവിധാനത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും ആവശ്യവും ഇവര്‍ മുന്നോട്ട് വച്ചിരുന്നു.

കഴിഞ്ഞ മാസം മൂന്നിനാണ് പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയുടെ എമര്‍ജന്‍സി വാര്‍ഡില്‍ രണ്ടു മണിക്കൂറോളം ചികിത്സ കിട്ടാതെ കാത്തിരുന്ന ശേഷം ഐശ്വര്യക്ക് ജീവന്‍ നഷ്ടമായിരുന്നത്. ഹോസ്പിറ്റലിന്റെ ഭാഗത്തു നിന്ന് കടുത്ത വീഴ്ചയാണ് സംഭവിച്ചതെന്ന് ഐശ്വര്യയുടെ മാതാപിതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലൂടെ വെളിപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും അന്വേഷണം നടത്തിയ പാനല്‍ റിലീസ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഐശ്വര്യയുടെ ചികിത്സയില്‍ നേരിട്ട് ഇടപെട്ട രണ്ട് നഴ്‌സുമാര്‍ക്കും ഒരു ഡോക്ടറിനും നേരെ എഎച്ച്പിആര്‍എ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

പക്ഷേ ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്ക് നേരെ അന്വേഷണം നടത്തുന്നത് അസ്വസ്ഥതയുളവാക്കുന്ന കാര്യമാണെന്ന് എഎംഎ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ പ്രസിഡന്റ് ഡോ ആന്‍ഡ്രൂ മില്ലര്‍ ആരോപിക്കുന്നത്. പ്രതിഷേധ റാലിയില്‍ ഐശ്വര്യയുടെ മാതാപിതാക്കള്‍ പങ്കെടുത്തില്ല. സംഭവത്തില്‍ സ്വന്തന്ത്ര അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് ഐശ്വര്യയുടെ മാതാപിതാക്കള്‍. മകളുടെ മരണത്തില്‍ മന്ത്രി മുതല്‍ നഴ്‌സ് വരെയുള്ളവരുടെ ഉത്തരവാദിത്വം ചോദ്യം ചെയ്യപ്പെടണമെന്നാണ് മാതാപിതാക്കള്‍ വിശ്വസിക്കുന്നതെന്ന് ഇവരുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.







Other News in this category



4malayalees Recommends