ഒമാനില്‍ ശക്തമായ മഴ ; ഒരു മരണം

ഒമാനില്‍ ശക്തമായ മഴ ; ഒരു മരണം
കഴിഞ്ഞ രണ്ടു ദിവസമായി ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ദാഖിലിയ ഗവര്‍ണറേറ്റില്‍ സുമേയില്‍ വിലായത്തില്‍ വെള്ളപ്പാച്ചിലില്‍ കുടുങ്ങിയ ഒരു വിദേശി മരണപ്പെട്ടു. ജെ.സി.ബി ഓപ്പറേറ്ററിയാരുന്ന ഇദ്ദേഹത്തിന് ലാസ്ഗ് വാദി പ്രദേശത്ത് ജോലിക്കിടയിലാണ് അപകടം സംഭവിച്ചതെന്ന് റോയല്‍ ഒമാന്‍ പോലീസിന്റെ അറിയിപ്പില്‍ പറയുന്നു.

ഖുറയാത്ത് വിലയത്തിലെ വാദി അല്‍അറബിന്‍ പ്രദേശത്തുണ്ടായ വെള്ളപ്പാച്ചില്‍ ഒരു റെസ്റ്റ് ഹൗസില്‍ കുടുങ്ങിപ്പോയ കുടുംബത്തെ പൊലീസ് ഏവിയേഷന്റെ സഹകരണത്തോടെ മസ്‌കത്ത് സിവില്‍ ഡിഫന്‍സ് സമിതി രക്ഷപ്പെടുത്തി. പത്ത് കുട്ടികളുള്‍പ്പെടെ 19 പേരടങ്ങുന്ന കുടുംബാംഗങ്ങള്‍ സുരക്ഷിതരാണെന്നും സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു.

ദോഫാര്‍ ഗവര്‍ണറേറ്റില്‍ സലാല വിലയത്തിലെ വാദിയില്‍ കുടുങ്ങിയ ഒരു കുടുംബത്തെ പരുക്കുകളൊന്നുമില്ലാതെ ദോഫാര്‍ സിവില്‍ ഡിഫന്‍സ് സമിതി രക്ഷപ്പെടുത്തി. അല്‍ കാമില്‍, അല്‍ വഫി വിലയത്തില്‍ വാദി അല്‍സിലില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് ഏഷ്യാക്കാരെ സിവില്‍ ഡിഫന്‍സിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി.

ഒമാനിലെ തെക്കന്‍ അല്‍ശര്‍ഖിയ ഗവര്‍ണറേറ്റിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ മഴവെള്ളപ്പാച്ചില്‍ ശക്തമായതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഒമാന്‍ സിവില്‍ ഡിഫന്‍സ് സമിതി നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്.

Other News in this category



4malayalees Recommends