വീട്ടില്‍ നിന്ന് 50 രൂപ എടുത്തതിന് പത്തുവയസ്സുകാരനെ അച്ഛന് അടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. കരണ്‍ എന്ന കുട്ടിയാണ് മരിച്ചത്. പിതാവ് ബബ്ലു ഓംപ്രകാശ് പ്രജാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
താനെ താക്കൂര്‍പാഡയിലെ ചേരിപ്രദേശത്ത് ഡിസംബര്‍ 29 നാണ് സംഭവം. പിതാവിന്റെ അടിയേറ്റ് തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടി അബോധാവസ്ഥയിലായിരുന്നു. വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. ദേഹത്ത് മുറിവുകളുണ്ടായിരുന്നു. പൊലീസ് ഉടന്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുട്ടിയുടെ കൈക്കും കാലിനും പൊട്ടലുണ്ടായിരുന്നു. തലയ്ക്കേറ്റ മാരക പരിക്കാണ് മരണത്തിന് കാരണമായത്.
കുട്ടിയുടെ അമ്മ മാനസിക അസ്വാസ്ഥ്യമുള്ളയാളാണ്. സഹോദരിയാണ് പിതാവിന്റെ മര്‍ദ്ദനത്തെ കുറിച്ച് പൊലീസിനോട് പറഞ്ഞത്. ഇതിനിടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. തിരച്ചിലിനൊടുവില്‍ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.