യൂട്യൂബ് നോക്കി ബിഫാം വിദ്യാര്‍ഥികള്‍ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തു ; 28 കാരനായ യുവാവ് ചോരവാര്‍ന്നു മരിച്ചു

യൂട്യൂബ് നോക്കി ബിഫാം വിദ്യാര്‍ഥികള്‍ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തു ; 28 കാരനായ യുവാവ് ചോരവാര്‍ന്നു മരിച്ചു
യൂട്യൂബ് നോക്കി ബിഫാം വിദ്യാര്‍ഥികള്‍ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ ചോരവാര്‍ന്ന് യുവാവിന് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശി ശ്രീനാഥ് (28) ആണ് മരിച്ചത്. ഹൈദരാബാദിലെ നെല്ലൂരില്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നെല്ലൂര്‍ സ്വകാര്യ കോളേജിലെ ബിഫാം വിദ്യാര്‍ഥികളായ മസ്താന്‍, ജീവ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശസ്ത്രക്രിയ നടത്താനാണ് ശ്രീനാഥും വിദ്യാര്‍ഥികളും നെല്ലൂരിലെ ലോഡ്ജില്‍ മുറിയെടുത്തതെന്നാണ് വിവരം. ലോഡ്ജ് ജീവനക്കാരനാണ് യുവാവിന്റെ മൃതദേഹം ആദ്യം കണ്ടെത്തിയത്. ഉടന്‍ തന്നെ ഇയാള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ അമിത രക്തസ്രാവമുണ്ടായാണ് യുവാവിന്റെ മരണം എന്ന് കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ബിഫാം വിദ്യാര്‍ഥികളെ ശ്രീനാഥ് പരിചയപ്പെട്ടതെന്നും പിന്നീട് തെളിഞ്ഞു.

മുംബൈയില്‍ പോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനിരുന്ന ശ്രീനാഥിനെ കുറഞ്ഞ ചിലവില്‍ ശസ്ത്രക്രിയ നടത്തിത്തരാമെന്ന് പറഞ്ഞ് വിദ്യാര്‍ഥികള്‍ പിന്തിരിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. യൂട്യൂബ് മാത്രം നോക്കിയാണ് ഇവര്‍ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയെപ്പറ്റി അറിവുള്ള ആരും കൂടെയുണ്ടായിരുന്നില്ല.ശ്രീനാഥിന് പ്രതികള്‍ അമിതമായ അളവില്‍ വേദസംഹാരികള്‍ നല്‍കിയിരുന്നതായും പോലീസ് അറിയിച്ചിട്ടുണ്ട്.

ദിവസവേതനത്തില്‍ ഹൈദരാബാദില്‍ ജോലി ചെയ്തിരുന്ന ശ്രീനാഥ് 2019ല്‍ ബന്ധുവിന്റെ മകളെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ ബന്ധം വേര്‍പ്പെടുത്തി. പിന്നീട് ഒറ്റയ്ക്കായിരുന്നു ജീവിതം.

Other News in this category



4malayalees Recommends