പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ പന്നിയുടെ മുഖം ചേര്‍ത്ത് മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസ് ; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്റെ ആവശ്യം നിരസിച്ചു

പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ പന്നിയുടെ മുഖം ചേര്‍ത്ത് മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസ് ; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്റെ ആവശ്യം നിരസിച്ചു
പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ പന്നിയുടെ മുഖം ചേര്‍ത്ത് മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസ് റദ്ദാക്കണമെന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്റെ ആവശ്യം നിരസിച്ച് അലഹബാദ് ഹൈക്കോടതി. കേസ് റദ്ദാക്കാന്‍ മതിയായ കാരണമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ മുഹമ്മദ് ഇമ്രാന്‍ മാലിക്കിന്റെ അപേക്ഷ, ജസ്റ്റിസ് മുഹമ്മദ് അസ്‌ലം അധ്യക്ഷനായ ബെഞ്ചാണ് നിരസിച്ചത്. കേസിനാധാരമായ ചിത്രം പങ്കുവെച്ചത് താന്‍ അല്ലെന്നും താന്‍ ഗ്രൂപ്പ് അഡ്മിന്‍ മാത്രമാണെന്നും അപേക്ഷകന്റെ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍, സന്ദേശം അയച്ചയാളുടെ അതേ ബാധ്യത ഗ്രൂപ്പ് അഡ്മിനുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. അപേക്ഷകന്‍ ഗ്രൂപ്പ് അഡ്മിനാണെന്നും വലിയൊരു ഗ്രൂപ്പിന്റെ ഭാഗമെന്ന നിലയില്‍ ഹര്‍ജിക്കാരനെതിരെയുള്ള കേസ് റദ്ദാക്കാന്‍ കഴിയില്ലെന്നും കോടതി അപേക്ഷ നിരസിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടി.

ദേഷ്യവും നിരാശയും പ്രകടിപ്പിക്കാന്‍ സൈബര്‍ ഇടങ്ങളെ ചിലര്‍ ഉപയോഗിക്കുന്നുവെന്നും ഇവര്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നത സ്ഥാനത്തിരിക്കുന്നവരെ പരിഹസിക്കാന്‍ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നുവെന്നും നേരത്തെ മറ്റൊരു കേസില്‍ അലഹബാദ് ഹൈക്കോടി ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാല്‍, ഗ്രൂപ്പ് അംഗങ്ങള്‍ ഷെയര്‍ ചെയ്യുന്ന അപകീര്‍ത്തികരമായ പോസ്റ്റുകള്‍ക്ക് ഗ്രൂപ്പ് അഡ്മിന്‍ ഉത്തരവാദിയായിരിക്കില്ലെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ കേരള ഹൈക്കോടതി ബെഞ്ച് കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു.

Other News in this category



4malayalees Recommends