അതിര്‍ത്തിയില്‍ യുക്രെയ്ന്‍ സൈന്യം റൈഫിളിന് അടിക്കുന്നു, മോശം പെരുമാറ്റം, ഒരുമിച്ചുണ്ടായിരുന്നവര്‍ പോലും പരസ്പരം കയ്യേറ്റം ചെയ്യുന്ന സ്ഥിതി ; യുദ്ധ സമയം അവിടെ നരകമായിരുന്നുവെന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍

അതിര്‍ത്തിയില്‍ യുക്രെയ്ന്‍ സൈന്യം റൈഫിളിന് അടിക്കുന്നു, മോശം പെരുമാറ്റം, ഒരുമിച്ചുണ്ടായിരുന്നവര്‍ പോലും പരസ്പരം കയ്യേറ്റം ചെയ്യുന്ന സ്ഥിതി ; യുദ്ധ സമയം അവിടെ നരകമായിരുന്നുവെന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍
യുക്രെയ്‌നില്‍ അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. തിരിച്ചെത്തിയവര്‍ക്കെല്ലാം അവിടത്തെ അവസ്ഥയെ പറ്റി ഞെട്ടിക്കുന്ന കാര്യങ്ങളാണ് സംസാരിക്കാനുള്ളത്. യുദ്ധസമയത്തെ ഉക്രെയ്ന്‍ നരകമായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. അതിര്‍ത്തി കടക്കാന്‍ തങ്ങളനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും അതിര്‍ത്തിയില്‍ നേരിട്ട അവഗണനയെക്കുറിച്ചുമൊക്കെ പേടിയോടെയാണ് ഓര്‍ക്കുന്നത്.

ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ശുഭാന്‍ഷു എന്ന മെഡിക്കല്‍ വിദ്യാര്‍ഥി പറഞ്ഞത് അതിര്‍ത്തി കടക്കാന്‍ നേരം അത്രയും നേരം ഒരുമിച്ചുണ്ടായിരുന്നവര്‍ വരെ ആദ്യമെത്താന്‍ പരസ്പരം കയ്യേറ്റം ചെയ്യാന്‍ തുടങ്ങിയിരുന്നുവെന്നാണ്. പലരെയും അധികൃതര്‍ റൈഫിള്‍ കൊണ്ട് അടിയ്ക്കുകയും ചെയ്തിരുന്നുവത്രേ. അതിര്‍ത്തിയില്‍ കുട്ടികള്‍ ബോധംകെട്ട് വീഴുന്ന അവസരങ്ങളും ഉണ്ടായിരുന്നുവെന്ന് ശുഭാന്‍ഷു പറയുന്നു.

'ഞങ്ങള്‍ വിന്നിസിയയില്‍ നിന്നാണ് റൊമേനിയന്‍ അതിര്‍ത്തിയിലേക്ക് യാത്ര ചെയ്തത്. തലസ്ഥാനനഗരമായ കീവില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെയാണിത്. ദുര്‍ഘടം പിടിച്ചതായിരുന്നു യാത്ര. പന്ത്രണ്ട് കിലോമീറ്ററോളം നടന്നാണ് അതിര്‍ത്തിയിലെത്തിയത്. അതിര്‍ത്തി കടക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. പലരും അധികൃതരുടെ കാല് പിടിച്ച് അതിര്‍ത്തി കടത്തണം എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ചില കുട്ടികള്‍ ബോധം കെട്ട് വീണു. ആദ്യം അതിര്‍ത്തി കടക്കാന്‍ അത്രയും നേരം ഒരുമിച്ചുണ്ടായിരുന്നവര്‍ പരസ്പരം കയ്യേറ്റം ചെയ്യുന്നത് വരെ കാണേണ്ടി വന്നു'.

'അതിര്‍ത്തി സേനയുടെ പെരുമാറ്റവും മോശമായിരുന്നു. ചിലരെ അവര്‍ റൈഫിള്‍ കൊണ്ട് അടിച്ചു, ചിലരെ ചവിട്ടി വീഴ്ത്തി. അവര്‍ക്ക് യുക്രെയ്ന്‍ പൗരന്മാരെ എങ്ങനെയെങ്കിലും അതിര്‍ത്തി കടത്തിയാല്‍ മതിയായിരുന്നു. അതിനായി ഞങ്ങളെ തഴയുകയായിരുന്നു അവരുടെ ലക്ഷ്യം.. ആദ്യം യുക്രെയ്ന്‍ പൗരന്മാരെയാണ് അവര്‍ കടത്തി വിട്ടത്. പിന്നീട് ഞങ്ങളെയും. അതിര്‍ത്തി കടന്ന് കിട്ടാന്‍ ഏറെ ബുദ്ധിമുട്ടി. പക്ഷേ അതിര്‍ത്തി കടന്നതിന് ശേഷം ഒരു കാര്യത്തിനും ബുദ്ധിമുട്ടുണ്ടായില്ല. ഇന്ത്യന്‍ എംബസി വളരെ കാര്യമായാണ് പരിചരിച്ചത്. ആവശ്യത്തിന് ഭക്ഷണവും വെള്ളവുമൊക്കെ എംബസി ഒരുക്കിയിട്ടുണ്ടായിരുന്നു. ചില സുഹൃത്തുക്കള്‍ ഇപ്പോഴും ഷെല്‍ട്ടറിലുണ്ട്. ഫൈവ് സ്റ്റാര്‍ സൗകര്യമാണ് അവര്‍ക്കൊരുക്കിയിരിക്കുന്നത്. എന്നാല്‍ റൊമേനിയന്‍ അതിര്‍ത്തിയില്‍ സ്ഥിതി വളരെ പരിതാപകരമാണ്.' ശുഭാന്‍ഷു പറഞ്ഞു.

യുക്രെയ്‌നിലെ മറ്റൊരു വിദ്യാര്‍ഥിയായ സിമ്രാനും റൊമേനിയന്‍ അതിര്‍ത്തിയിലെ ഭീകരമായ അവസ്ഥയാണ് പങ്ക് വച്ചത്. 'അതികഠിനമായ തണുപ്പും വിശപ്പും ദാഹവുമൊക്കെ സഹിച്ചാണ് വിദ്യാര്‍ഥികള്‍ റൊമേനിയന്‍ അതിര്‍ത്തിയില്‍ കാത്ത് നില്‍ക്കുന്നത്. ഇവരുടെ അടുത്തേക്കെത്താന്‍ ഇന്ത്യന്‍ എംബസിക്ക് അനുവാദമില്ലെന്നാണ് വിവരം. അതിര്‍ത്തി കടന്നാല്‍ മാത്രമേ എംബസിയുടെ സഹായം കിട്ടൂ. അതിര്‍ത്തി കടക്കുക എന്നത് ദുഷ്‌കരമായ കാര്യമാണ്. മൈനസ് 12 ഡിഗ്രിയാണ് അവിടെ തണുപ്പ്.' സിമ്രാന്‍ വിവരിച്ചു.

Other News in this category



4malayalees Recommends