മൃതദേഹത്തിന് പകരം എട്ടോപത്തോ ആളുകളെ കൊണ്ടുവരാം; വിവാദ പരാമര്‍ശവുമായി ബിജെപി എം.എല്‍.എ

മൃതദേഹത്തിന് പകരം എട്ടോപത്തോ ആളുകളെ കൊണ്ടുവരാം; വിവാദ പരാമര്‍ശവുമായി ബിജെപി എം.എല്‍.എ
ഉക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് വിവാദ പരാമര്‍ശവുമായി ബിജെപി എം.എല്‍.എ. മൃതദേഹം കൊണ്ടുവരാന്‍ വിമാനത്തില്‍ കൂടുതല്‍ സ്ഥലം വേണ്ടിവരും എന്നാല്‍ ആ സ്ഥാനത്ത് എട്ടു പത്തുപേരെ നാട്ടില്‍ എത്തിക്കാമെന്നായിരുന്നു എം.എല്‍.എ അരവിന്ദ് ബെല്ലാഡ് പറഞ്ഞത്.

വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. യുദ്ധം നടക്കുന്നിടത്ത് നിന്നും ജീവനുള്ള ആളുകളെ രക്ഷപ്പെടുത്തുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് ഒരു മൃതദേഹം കൊണ്ടുവരുന്നത്. ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നവീന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഉക്രൈന്‍ ഒരു യുദ്ധമേഖലയാണ്. എല്ലാവര്‍ക്കും അതിനെക്കുറിച്ച് അറിയാം. ശ്രമങ്ങള്‍ നടക്കുന്നുണ്ട്, കഴിയുമെങ്കില്‍ മൃതദേഹം നാട്ടില്‍ എത്തിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഹുബ്ലിധര്‍വാദ് മണ്ഡലത്തിലെ എം.എല്‍.എയാണ് അരവിന്ദ് ബെല്ലാഡ്. അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഖാര്‍കീവില്‍ റഷ്യയുടെ ഷെല്ലാക്രമണത്തെ തുടര്‍ന്നാണ് നവീന്‍ മരിച്ചത്. ഖാര്‍കീവ് നാഷ്ണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു.

നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പ്രധാനമന്ത്രിയോടും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോടും സഹായം തേടിയിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു. മകന്റെ അവസാനമായി കാണാന്‍ കാത്തിരിക്കുകയാണ് കുംടുംബം.

Other News in this category



4malayalees Recommends