അച്ഛന്‍ മരിച്ചിട്ട് മൂന്നുമാസം, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ദേവനന്ദയുടെ മരണത്തില്‍ കണ്ണീരോടെ കുടുംബവും നാട്ടുകാരും

അച്ഛന്‍ മരിച്ചിട്ട് മൂന്നുമാസം, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ദേവനന്ദയുടെ മരണത്തില്‍ കണ്ണീരോടെ കുടുംബവും നാട്ടുകാരും
പഠനത്തില്‍ മിടുക്കിയായിരുന്നു എവി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനി ദേവനന്ദ(17). ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ദേവനന്ദ ജീവന്‍ വെടിഞ്ഞത് കരിവെള്ളൂര്‍ ഗ്രാമത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

മൂന്നുമാസം മുന്‍പാണ് ദേവനന്ദയുടെ അച്ഛന്‍ മരിച്ചത്. അതിനുശേഷം പെരളത്തെ വീട്ടിലും ചെറുവത്തൂരിലെ അമ്മയുടെ സഹോദരിയുടെ വീട്ടിലുമായാണ് വിദ്യാര്‍ത്ഥിനി താമസിച്ചിരുന്നത്. പഠനത്തോടൊപ്പം ബാലസംഘത്തിന്റെ പ്രവര്‍ത്തകയുമായിരുന്നു. കഴിഞ്ഞാഴ്ചയാണ് ചെറുവത്തൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ദേവനന്ദ ട്യൂഷന് ചേര്‍ന്നത്. ഇവിടെ സമീപത്തുള്ള കടയില്‍ നിന്നാണ് കൂട്ടുകാരിക്കൊപ്പം ഷവര്‍മ കഴിച്ചതും ഭക്ഷ്യവിഷബാധയ്ക്ക് ഇരയായതും.

ദേവനന്ദയുടെ മരണവിവരം അറിഞ്ഞ് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ രക്ഷിതാക്കളും പരിഭ്രാന്തരായി. ഡോക്ടര്‍മാരും ഓടിയെത്തി.

ഭക്ഷ്യവിഷബാധയേറ്റ് ജില്ലാ ആസ്പത്രിയിലെത്തിയവരെ ആശ്വസിപ്പിക്കാന്‍ ജനപ്രതിനിധികളും നാട്ടുകാരുമെല്ലാമെത്തിയിരുന്നു. മരിച്ച ദേവനന്ദയ്‌ക്കൊപ്പം ഷവര്‍മ കഴിച്ച അര്‍ഷ (15) ജില്ലാ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും മറ്റ് 15 പേര്‍ പ്രത്യേക വാര്‍ഡിലും ചികിത്സയിലാണ്. തീവ്രപരിചരണവിഭാഗത്തിലുള്ള അര്‍ഷയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends