നടപടിയെടുക്കാന്‍ ഐസിസിയ്ക്ക് എന്താണ് അധികാരം; വിജയ് ബാബുവിന്റെ കത്തിന് പിന്നില്‍ സിദ്ദിഖെന്ന് ആരോപണം

നടപടിയെടുക്കാന്‍ ഐസിസിയ്ക്ക് എന്താണ് അധികാരം; വിജയ് ബാബുവിന്റെ കത്തിന് പിന്നില്‍ സിദ്ദിഖെന്ന് ആരോപണം
വിജയ് ബാബുവിനെ താരസംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടിവില്‍ നിന്ന് 'ഒഴിവാക്കിയ' നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി സിദ്ദിഖ്. വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാന്‍ 'അമ്മ' ഐസിസിക്ക് എന്ത് അധികാരമുണ്ടെന്നാണ് സംഘടന യോഗത്തില്‍ നടന്‍ ചോദിച്ചത്. വിജയ് ബാബുവിന്റെ 'മാറിനില്‍ക്കല്‍' കത്തിന് പിന്നില്‍ ഇദ്ദേഹമാണെന്നും ആരോപണമുണ്ട്.

അതേസമയം, അമ്മ യോഗത്തില്‍ വിജയ് ബാബുവിനെ പിന്തുണച്ച് നടന്‍ ഉണ്ണി മുകുന്ദനും രംഗത്തെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം വിജയ് ബാബുവിനെതിരെ പെട്ടെന്നൊരു നടപടി വേണ്ടെന്നാണ് ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടത്. തനിക്കെതിരെയും ഇത്തരത്തിലൊരു കേസുണ്ട്. അത് താന്‍ അനുഭവിക്കുകയാണ്. സത്യാവസ്ഥ അറിഞ്ഞ ശേഷം നടപടി സ്വീകരിക്കുന്നതാണ് ഉചിതമെന്നും ഉണ്ണി മുകുന്ദന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

വിജയ് ബാബുവിന് 15 ദിവസം സമയം അനുവദിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടത്. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുത് എന്നായിരുന്നു ഇവരുടെ ആവശ്യം. വിജയ് ബാബുവിനെ പുറത്താക്കിയാല്‍ ജാമ്യത്തില്‍ ബാധിക്കുമെന്ന് ചില എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഒരു കാരണവശാലും കൂടുതല്‍ സമയം അനുവദിക്കില്ലെന്നാണ് 'അമ്മ' ഐസിസി നിലപാടെടുത്തത്. വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തപക്ഷം തങ്ങള്‍ രാജിവെക്കുമെന്ന് ചില എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിക്കുകയും ചെയ്തു. ഇതോടെ സംഘടനയുടെ ഭാരവാഹിത്വത്തില്‍ നിന്ന് വിജയ് ബാബുവിനെ പുറത്താക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു.



Other News in this category



4malayalees Recommends