ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വൈദ്യുതിക്കമ്പി പൊട്ടിവീണു; അഞ്ച് മരണം

ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വൈദ്യുതിക്കമ്പി പൊട്ടിവീണു; അഞ്ച് മരണം
ആന്ധ്രാപ്രദേശില്‍ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വൈദ്യുതിക്കമ്പി പൊട്ടിവീണ് അഞ്ചു പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

കര്‍ഷക തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ വൈദ്യുതിക്കമ്പി പൊട്ടിവീഴുകയായിരുന്നു. പതിനൊന്ന് കെവിയുടെ വൈദ്യുതിക്കമ്പിയാണ് പൊട്ടിവീണത്. തടിമറി മണ്ഡലം ബുദ്ദപള്ളിയില്‍ നിന്ന് ഓട്ടോയില്‍ ചില്ലകൊണ്ടയ്യപ്പള്ളിയിലേക്ക് പോവുകയായിരുന്ന കൂലിപ്പണിക്കാരായ ഗുഡംപള്ളി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

പോസ്റ്റില്‍ വണ്ടി ഇടിച്ച ഉടന്‍ ഡ്രൈവര്‍ ചാടി പുറത്തിറങ്ങി. യാത്രക്കാര്‍ക്ക് ഇറങ്ങാന്‍ കഴിയുന്നതിന് മുമ്പ് തീ പിടിക്കുകയായിരുന്നുവെന്ന് തടിമാരി എസ്.ഐ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഓട്ടോയില്‍ പത്തുപേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരുടെ നില അതീവഗുരുതരമാണ്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം ഉടന്‍ തന്നെ അധികൃതര്‍ വിച്ഛേദിച്ചു. തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം മരിച്ചവരുടെ കുടുംബത്തിന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ആശ്വാസധനസഹായമായി പ്രഖ്യാപിച്ചു.

Other News in this category



4malayalees Recommends