വീണ്ടും ജീവിപ്പിക്കാമെന്ന പ്രതീക്ഷയില്‍ 14 കാരിയുടെ മൃതദേഹം നാലു ദിവസം വീട്ടില്‍ സൂക്ഷിച്ച് മന്ത്രവാദം ചെയ്തു

വീണ്ടും ജീവിപ്പിക്കാമെന്ന പ്രതീക്ഷയില്‍ 14 കാരിയുടെ മൃതദേഹം നാലു ദിവസം വീട്ടില്‍ സൂക്ഷിച്ച് മന്ത്രവാദം ചെയ്തു
മന്ത്രവാദത്തിലൂടെ പുനരുജ്ജീവിപ്പിക്കാമെന്ന പ്രതീക്ഷയില്‍ ഒരു പതിനാല് വയസുകാരിയുടെ മൃതദേഹം വീട്ടുകാര്‍ സൂക്ഷിച്ചത് നാല് ദിവസം. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ ഗ്രാമമായ ദിഹയിലാണ് സംഭവം. മരിച്ച പെണ്‍കുട്ടിയ്ക്ക് നാല് സഹോദരങ്ങള്‍ കൂടിയുണ്ട്. മന്ത്രവാദ ചടങ്ങുകളുടെ പേരും പറഞ്ഞ് വീട്ടുകാര്‍ കഴിഞ്ഞ നാല് ദിവസമായി ബാക്കിയുള്ള നാല് മക്കള്‍ക്കും കഴിക്കാന്‍ ആഹാരമൊന്നും നല്‍കിയിരുന്നില്ല.പട്ടിണി കിടന്ന അവര്‍ നാല് പേരും അവശരായി തീര്‍ന്നു. ഒടുവില്‍ പൊലീസ് എത്തിയാണ് അവരെ രക്ഷപ്പെടുത്തിയത്.

നാല് ദിവസം കഴിഞ്ഞപ്പോഴേക്കും വീട്ടില്‍ സൂക്ഷിച്ച മൃതുദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. തുടര്‍ന്ന് സമീപത്തുള്ളവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മരിച്ച കുട്ടിയുടെ അച്ഛന്‍ അഭയ്രാജ് യാദവ് കര്‍ഷകനാണ്. അഭയരാജും ഭാര്യയും അഞ്ച് പെണ്‍മക്കളും മൂന്ന് ആണ്‍മക്കളും അടങ്ങുന്നതാണ് കുടുംബം.

പൊലീസ് വീടിനുള്ളില്‍ കയറിയപ്പോള്‍ പെണ്‍കുട്ടിയുടെ മൃതദേഹം തറയില്‍ കിടക്കുകയായിരുന്നു. മൃതദേഹം പൂര്‍ണമായും അഴുകി ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു. സമീപത്തായി അവളുടെ നാല് സഹോദരങ്ങളെയും പൊലീസ് കണ്ടെത്തി. സഹോദരങ്ങളെ ചികിത്സയ്ക്കായി പ്രയാഗ്രാജിലെ എസ്ആര്‍എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനും അയച്ചു.

അതേസമയം, അസുഖത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മകളുടെ അന്ത്യകര്‍മങ്ങള്‍ നടത്താതെ വീട്ടുകാര്‍ മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. ദിവസങ്ങളോളം വീട്ടില്‍ ഒളിപ്പിച്ച് വച്ച് പൂജകളിലൂടെ തിരികെ ജീവന്‍ വയ്പ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍.

Other News in this category



4malayalees Recommends