കൂട്ടത്തോടെ അവധിയെടുത്ത് ഇന്‍ഡിഗോ ജീവനക്കാര്‍ എയര്‍ ഇന്ത്യ ഇന്റര്‍വ്യൂവിന് പോയി; ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ വൈകി

കൂട്ടത്തോടെ അവധിയെടുത്ത് ഇന്‍ഡിഗോ ജീവനക്കാര്‍ എയര്‍ ഇന്ത്യ ഇന്റര്‍വ്യൂവിന് പോയി; ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ വൈകി
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പകുതിയിലധികം സര്‍വീസുകളും ശനിയാഴ്ച വൈകിയതായി പരാതി. ഭൂരിഭാഗം ക്യാബിന്‍ ക്രൂ ജീവനക്കാരും ലീവെടുത്ത് എയര്‍ ഇന്ത്യയുടെ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പോയതോടെയാണ് സര്‍വീസുകള്‍ വൈകിയതെന്നാണ് വിവരം.ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ നല്ലൊരു പങ്ക് ജീവനക്കാരും അഭിമുഖത്തില്‍ പങ്കെടുത്തുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാംഘട്ട അഭിമുഖമാണ് ശനിയാഴ്ച നടന്നത്.

അതേസമയം, ഇത്രയധികം ആഭ്യന്തര സര്‍വീസുകള്‍ വൈകിയതില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഇന്‍ഡിഗോയോട് വിശദീകരണം ചോദിച്ചതായി ഡിജിസിഎ അധികൃതര്‍ പറഞ്ഞു.

45 ശതമാനം സര്‍വീസുകള്‍ മാത്രമാണ് സമയത്ത് ഓപ്പറേറ്റ് ചെയ്യാന്‍ കഴിഞ്ഞതെന്ന് കേന്ദ്ര വ്യോമമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു. സിക്ക് ലീവ് എടുത്താണ് ജീവനക്കാര്‍ എയര്‍ ഇന്ത്യയിലെ അഭിമുഖത്തില്‍ പങ്കെടുത്തത്.

വിഷയത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാന്‍ ഇന്‍ഡിഗോ തയ്യാറായിട്ടില്ല. ട്വിറ്ററില്‍ പരാതി പറഞ്ഞ നിരവധി യാത്രക്കാര്‍ക്ക് മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനഘട്ടം മുതല്‍ ഇന്‍ഡിഗോയില്‍ ശമ്പളം വെട്ടിക്കുറച്ചിരുന്നു. ഇതോടെയാണ് ജീവനക്കാര്‍ മറ്റ് കമ്പനികള്‍ തേടി പോകുന്ന അവസ്ഥയിലേക്കെത്തിച്ചത്.

Other News in this category



4malayalees Recommends