ബിഹാറില്‍ അഞ്ചു വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകന് അറസ്റ്റില്‍. കുട്ടിയെ അധ്യാപകന് ക്രൂരമായി തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മറ്റൊരു വിദ്യാര്‍ത്ഥിനിയുമായി സംസാരിക്കുന്നത് കണ്ടു എന്ന പേരിലാണ് അധ്യാപകന് വിദ്യാര്‍ഥിയെ തല്ലിയത്. കുട്ടി ബോധ രഹിതനാകുന്നത് വരെ ഇയാള്‍ തല്ലിയതായി രക്ഷിതാക്കള്‍ പറയുന്നു.
ബീഹാറിലെ ഒരു കോച്ചിംഗ് സെന്ററിലെ അധ്യാപകന് അഞ്ച് വയസ്സുള്ള വിദ്യാര്‍ത്ഥിയെ നിഷ്കരുണം മര്‍ദിക്കുന്ന വീഡിയോ തിങ്കളാഴ്ച സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മര്‍ദ്ദനമേറ്റ് ബോധരഹിതനായ കുട്ടിയെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പട്ന ജില്ലയിലെ ധനരുവ ബ്ലോക്കിലാണ് സംഭവം നടന്നത്. ഒരു സ്വകാര്യ കോച്ചിംഗ് സെന്ററിലെ ഒരു യുവ അധ്യാപകന് അഞ്ച് വയസ്സുള്ള വിദ്യാര്‍ത്ഥിയെ ചൂരല്‍ കൊണ്ട് അടിക്കുകയും പിന്നീട് മുടി വലിക്കുകയും ചെയ്യുന്നതാണ് ദൃശ്യം.
തന്നെ അടിക്കരുതെന്ന് വിദ്യാര്‍ത്ഥി കരഞ്ഞുകൊണ്ട് അധ്യാപകനോട് അപേക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
അധ്യാപകനെതിരെ വിദ്യാര്‍ത്ഥിയുടെ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്കി. പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു.